
newsdesk
മുക്കം നഗരസഭയിൽ മുത്തേരി – മുത്താലം റോഡിൽ മുത്തേരി അങ്ങാടിക്ക് സമീപം കുടിവെള്ള പദ്ധതിക്കും നിരവധി കുടിവെള്ള പദ്ധതിക്കായി ആശ്രയിക്കുന്ന തോടിനും അരികിലാണ് കഴിഞ്ഞദിവസം രാത്രി കക്കൂസ് മാലിന്യം തള്ളിയത്. തൊട്ടടുത്ത വീടുകളിലേക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ടത്.
നിരവധിപേർ ആശ്രയിക്കുന്ന മുത്തേരി കുടിവെള്ള പദ്ധതിയുടെ കിണറും നിരവധി കുടിവെള്ള പദ്ധതികൾക്കായി ആശ്രയിക്കുന്ന തോടിന്റെയും തൊട്ടരികിലാണ് കക്കൂസ് മാലിന്യം തള്ളിയത് . മഴ പെയ്താൽ കുടിവെള്ള പദ്ധതിയുടെ കിണറ്റിലേക്കും തൊട്ടടുത്ത വീടുകളിലെ കിണറ്റിലേക്കും തോട്ടിലേക്കും മാലിന്യം കലരുമെന്ന ആശങ്കയിലാണ് നാട്ടുകാർ .
നേരത്തെയും മുത്തേരി മുതൽ വട്ടോളി പറമ്പ്വരെ റോഡരികിൽ മാലിന്യങ്ങൾ തള്ളുന്നതു പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഒരാഴ്ച മുമ്പ് മുക്കം നഗരസഭയിലെ കുറ്റിപ്പാല അയ്യപ്പക്ഷേത്രത്തിന് സമീപവും ടാങ്കറിൽ എത്തിച്ച് കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇതിനെതിരെ നഗരസഭാ അധികൃതർക്കും പോലീസിനും പരാതി നൽകിയെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല .
മലയോരത്തെ വിവിധ മേഖലകളിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സാമൂഹ്യവിരുദ്ധരുടെ ഇത്തരം പ്രവർത്തികൾ. തൊട്ടടുത്ത പ്രദേശമായ മാങ്ങ പൊയിലിൽ ഏഴോളം വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞപ്പിത്തം ഉണ്ടായിരുന്നു .