നിങ്ങളെയാണ് അടിക്കേണ്ടത്, പുരാണം കേള്‍ക്കാന്‍ സമയമില്ല;ജോസഫൈന്‍

News Desk

ഗാര്‍ഹിക പീഡനത്തില്‍ പരാതിയറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മറ്റൊരു പരാതിക്കാരിയോട് കയര്‍ത്ത് സംസാരിക്കുന്ന ശബ്ദരേഖ കൂടി പുറത്ത്.

വിവാഹ തട്ടിപ്പുകാരനായ ഭര്‍ത്താവില്‍നിന്ന് നീതി വേണമെന്നാവശ്യപ്പെട്ട് വനിത കമ്മീഷന്‍ അധ്യക്ഷയെ വിളിച്ച കൊല്ലം സ്വദേശിനിയാണ് ശബ്ദരേഖയുമായി രംഗത്ത് വന്നത്. തന്നേയും കുട്ടികളേയും നോക്കാതെ മറ്റൊരു വിവാഹം കഴിച്ച ഭര്‍ത്താവിനെതിരെ ആയിരുന്നു യുവതിയുടെ പരാതി. എന്നാല്‍ സംസാരത്തിനിടെ നിങ്ങളുടെ പുരാണം കേള്‍ക്കാന്‍ സമയമില്ലെന്നും നിങ്ങളെയാണ് അടിക്കേണ്ടതെന്നും ജോസഫൈന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയേയും ഉപേക്ഷിച്ച് ഇയാള്‍ മുറപ്പെണ്ണിനെ വിവാഹം കഴിച്ചെന്നും വീണ്ടും തന്റെയടുത്ത് വന്നെന്നും പരാതിക്കാരി പറഞ്ഞു. തുടര്‍ന്നാണ് നിങ്ങളെയാണ് അടിക്കേണ്ടതെന്നും പുരാണം കേള്‍ക്കാന്‍ സമയമില്ലെന്നും വിളിക്കുന്ന സ്ത്രീകളൊക്കെ ഇങ്ങനെ കഥ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കുമെന്നും ജോസഫൈന്‍ ചോദിച്ചത്. നേരത്തെ ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച സംഭവമാണ് വിവാദമായത്.

ഇതോടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി ജോസഫൈന്‍ രംഗത്തെത്തി. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് പ്രകടിപ്പിച്ചത് എന്നായിരുന്നു ജോസഫൈന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടുവെന്നും ആ സഹോദരിക്ക് തന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ജോസഫൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

error: Content is protected !!