
Web Desk
രവീന്ദ്രന് പട്ടയം റദ്ദാക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ വിശദീകരണവുമായി മന്ത്രി കെ രാജന്. പട്ടയം റദ്ദാക്കാന്‍ തീരുമാനമെടുത്തത് 2019ലെ മന്ത്രിസഭയാണെന്ന് അദ്ദേഹം വിശദീകരിച്ചു. പട്ടയത്തില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നതിന് വേണ്ടി മാത്രമാണ് നടപടി. അര്‍ഹതയുള്ളവര്‍ക്ക് പട്ടയം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടയത്തിന് അര്‍ഹതയുള്ളവര്‍ക്ക് നിലവില്‍ ഭൂമി വില്‍ക്കാനോ വായ്പ എടുക്കാനോ നികുതി അടയ്ക്കാന്‍ പോലുമോ കഴിയുന്നില്ല. ഈ അവസ്ഥ പരിഹരിക്കുന്നതിനാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
രവീന്ദ്രന് പട്ടയവിതരണത്തിന്റെ നടപടിക്രമങ്ങളിലെ വീഴ്ച പരിശോധിച്ച് അര്‍ഹരായ ആളുകള്‍ക്ക് പട്ടയം ഉറപ്പുവരുത്താനാണ് റവന്യൂ വകുപ്പിന്റെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ വീഴ്ചകള്‍ പരിശോധിക്കാന്‍ 2019ല്‍ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. പിന്നീട് ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത ക്യാബിനറ്റ് ഈ യോഗത്തിലെ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ അതേ വര്‍ഷം പ്രസിദ്ധീകരിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.