
NEWSDESK
കോഴിക്കോട്: ഇത്തവണ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സന്തോഷത്തോടെ ഓണം ആഘോഷിക്കാം. 18 ദിവസങ്ങൾ വൈകിയെങ്കിലും ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കിയിരിക്കുകയാണ് കെ. എസ്.ആർ.ടി.സി. ഓഗസ്റ്റ് അഞ്ചിന് കിട്ടേണ്ടിയിരുന്ന ശമ്പളമാണ് ഇപ്പോൾ ലഭിച്ചത് . ജീവനക്കാരുടെ ശമ്പളം ഈ മാസം 25 നകം ലഭ്യമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ശമ്പളവും പെൻഷനും വൈകുന്നതിനെതിരെയുള്ള ഹർജികൾ സെപ്റ്റംബർ 21 ന് വീണ്ടും പരിഗണിക്കുമ്പോൾ ശമ്പളക്കാര്യം അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് കുടിശ്ശികയുള്ള ശമ്പളം ഇപ്പോൾ ജീവനക്കാർക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഓണത്തിന് ജീവനക്കാരെ പട്ടിണിയാക്കരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ശമ്പളവും പെൻഷനും വൈകുന്നതിനെതിരെയുള്ള ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശമുണ്ടായത്.
ഇത്തവണ സ്ഥിരം ജീവനക്കാർക്ക് 2750 രൂപ ബോണസും 7500 രൂപ അഡ്വാൻസും ലഭിക്കും. താത്കാലിക ജീവനക്കാർക്ക് 1000 രൂപയും ബോണസ് ലഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഓണത്തിന് ജീവനക്കാർക്ക് അലവൻസും ബോണസും അനുവദിച്ചിരുന്നില്ല. ഇത്തവണ ബോണസ് അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും വൈകിയാണെങ്കിലും ശമ്പളം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് കോഴിക്കോട് ഡിപ്പോയിലെ ജീവനക്കാർ പറഞ്ഞു.