
നാദാപുരം, മൂന്നാഴ്ചയിലേറെയായി കക്കംവെള്ളി കനാലിൽ അകപ്പെട്ട പൂർണ ഗർഭിണിയായ പശുവിനെ ഒരു സംഘം യുവാക്കൾ സാഹസിക മായി രക്ഷിച്ചു. മഠത്തിക്കുളങ്ങര ഭാഗത്തെ കനാലിൽ കാലുയർത്താൻ പറ്റാത്ത പരുവത്തിലായ പശുവിനു നരിക്കോളിൽ അയ്യൂബിന്റെ നീക്കങ്ങളാണ് രക്ഷയായത്. വെളുത്തപറമ്പത്ത് സൈനബയുടെതാണ് പശു. ഇതിനെ കരയ്ക്കു കയറ്റാൻ മുൻപ് നാട്ടുകാരും അഗ്നിരക്ഷാ സേനയും ശ്രമിച്ചിരുന്നെങ്കിലും ഗർഭിണിയായതിനാലും കനാലിലെ ചെളിയിൽ പൂണ്ടു കിടക്കുന്നതിനാലും ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.ഒടുവിൽ വീട്ടുകാർ മേൽക്കൂര കെട്ടി തീറ്റ നൽകി പ്രസവം വരെ കനാലിൽ തന്നെ കഴിയട്ടെ എന്നു കരുതിയതിനിടയിലാണ് അയ്യൂബ് പശുവിന്റെ ദയനീയത കണ്ടതും രക്ഷാ പ്രവർത്തനത്തിനു മുൻ കയ്യെടുത്തതും. തന്റെ ബന്ധുക്കളെയും അഗ്നിരക്ഷാ സേനയെയും വിളിച്ചു വരുത്തിയ അയ്യൂബ് 3 മണിക്കൂറോളം ശ്രമിച്ചെങ്കിലും പശുവിനെ കയറ്റാനായില്ല. ഒടുവിൽ കെഎസ്എസ് വാടക സ്റ്റോർ ഉടമ യു.വി.സലീം ഹാജിയും സംഘവും എത്തി പന്തൽ പണിയുന്ന ജിഐ പൈപ്പും കയറും ഉപയോഗിച്ചു സ്ട്രെച്ചറുണ്ടാക്കി പശുവിനെ കയറ്റുകയായിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും സഹായിച്ചു.