
newsdesk
കോഴിക്കോട്∙ മെഡിക്കൽ കോളജ് പിഎംഎസ്എസ്‌വൈ ബ്ലോക്കിലെ തീപിടിത്തം മനുഷ്യസൃഷ്ടിയാണെന്നതിന്റെ രേഖകൾ പുറത്തു വിട്ട് യൂത്ത് കോൺഗ്രസ്. സബ് കലക്ടർ ഹർഷിൽ ആർ.മീണയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകൾ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ ആണു പുറത്തു വിട്ടത്. സ്വകാര്യ മേഖലയ്ക്കു വേണ്ടി ഗവ. മെഡിക്കൽ കോളജുകളെ തകർക്കാനുള്ള ഗൂഢ നീക്കമാണ് സർക്കാർ നടത്തുന്നതെന്നു ദുൽഖിഫിൽ ആരോപിച്ചു. മേയ് 2ന് മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിന് കാരണം കേടായ ബാറ്ററി ബങ്ക് ആണെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബാറ്ററിയുടെ ആന്തരിക കേടുപാടുകളാണ് ഷോർട്ട് സർക്കീറ്റിലേക്ക് നയിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പുക പടലങ്ങൾ പുറത്തു പോകാനുള്ള സംവിധാനം ഒരുക്കിയിട്ടില്ലെന്ന കണ്ടെത്തലുകൾ കൂടി ചേർത്തു വായിക്കുമ്പോൾ ആദ്യ സംഭവത്തിനിടയിൽ 5 പേർ മരിക്കാനിടയായതും ദുരൂഹമാണെന്ന് ദുൽഖിഫിൽ ആരോപിച്ചു.
ബാറ്ററി ദുർബലമാണെന്ന് വാർഷിക അറ്റകുറ്റപ്പണി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടും അത് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിച്ചില്ല. ബാറ്ററി ബങ്ക് മാറ്റി സ്ഥാപിക്കാൻ തയാറാകാതിരുന്ന ഉദ്യോഗസ്ഥർ തന്നെയാണ് തീപിടിത്തത്തിന്റെ ഉത്തരവാദികൾ. യുപിഎസ് മുറി കേന്ദ്രീകൃത എയർ കണ്ടീഷനിങ് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും വായു സഞ്ചാരത്തിന് പ്രത്യേക സംവിധാനം ഇല്ല എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. മെഡിക്കൽ കോളജ് ക്യാംപസിൽ തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് സൂചിപ്പിക്കുന്ന ഇന്റലിജൻസ് എഡിജിപി യുടെ കത്ത് കലക്ടറും മെഡിക്കൽ കോളജ് അധികൃതർക്ക് നൽകിയിട്ടുണ്ട്. നിയമപരമായ അനുമതികൾ നേടിയല്ല ബ്ലോക്ക് തുറന്നത്. കെട്ടിടത്തിന് കോഴിക്കോട് കോർപറേഷനിൽ നിന്ന് ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ നിന്നുള്ള അന്തിമ എൻഒസിയും കാലഹരണപ്പെട്ടതായിരുന്നു. പുതുക്കാത്തത് ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടുന്നതിനും നിയമ നടപടികൾക്കും പോലും കാരണമായേക്കാം. ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് (6 എണ്ണം) 2021 ൽ ലഭിച്ചതിൽ 2 ലിഫ്റ്റുകളുടെ സാധുത 2024 ൽ അവസാനിച്ചു, ബാക്കിയുള്ള 4 എണ്ണത്തിന്റെ കാലാവധിയും അതേ വർഷം സെപ്റ്റംബറിൽ അവസാനിച്ചു.ആശുപത്രി അധികൃതരുടെയും സർക്കാരിന്റെയും ഗുരുതരമായ അനാസ്ഥയാണു ദുരന്തത്തിനു കാരണമെന്നു വ്യക്തമാണെന്ന് വി.പി.ദുൽഖിഫിൽ ആരോപിച്ചു. കോടികളുടെ നീക്കിയിരിപ്പുണ്ടായിരുന്ന ഹോസ്പിറ്റൽ വികസന ഫണ്ടിൽ ഇപ്പോൾ തുകയൊന്നും ഇല്ല. അധികൃതർക്കെതിരെ നിയമപരമായ നടപടിയുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു പോകുമെന്നും ദുൽഖിഫിൽ പറഞ്ഞു.