മുന്‍ കേന്ദ്ര മന്ത്രിയുടെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍; ഒരാൾ കസ്റ്റഡിയിൽ

Web Desk

മുന്‍ കേന്ദ്ര മന്ത്രിയുടെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രം​ഗരാജന്‍ കുമാരമം​ഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ (67) ആണ് ദില്ലിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കവര്‍ച്ച ലക്ഷ്യമിട്ട് കയറിയ സംഘം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തങ്ങളെത്തുമ്പോൾ വീട്ടിനകത്ത് ബ്രീഫ് കേസുകളും മറ്റും തുറന്ന നിലയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രി 9 മണിയോടെയാണ് കൊലപാതകികള്‍ വീട്ടിനകത്ത് കയറിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി എത്താറുള്ള അലക്കുകാരനാണ് ആദ്യം വീട്ടിലെത്തിയത്.

അക്രമി കോളിം​ഗ് ബെല്ലടിച്ചപ്പോള്‍ വീട്ടുജോലിക്കാരി വാതില്‍ തുറന്നു. വീട്ടുജോലിക്കാരിയെ ഇയാള്‍ കെട്ടിയിട്ടു. തുടര്‍ന്നാണ് സംഘത്തിലെ മറ്റ് രണ്ടുപേര്‍ വീട്ടില്‍ കയറിയത്. ഇവര്‍ കിറ്റിയെ തലയിണ ഉപയോ​ഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മൂന്നുപേരും തിരിച്ചുപോയ ശേഷം വീട്ടുജോലിക്കാരി എങ്ങനെയോ തന്റെ കെട്ടഴിക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പതിനൊന്ന് മണിയോടെയാണ് വിവരം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. വസന്തവിഹാര്‍ സ്വദേശിയായ അലക്കുകാരനെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാള്‍ കൂടെയുണ്ടായിരുന്ന രണ്ട് പേരെ കുറിച്ച്‌ വിവരം നല്‍കിയിട്ടുണ്ട്.

error: Content is protected !!