യുവാവിന്റെ മൂത്ര സഞ്ചിയില്‍ ചൂണ്ട നൂല്‍ കുടുങ്ങി; അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു, .നൂലിന്റെ നീളം 2.8 മീറ്റര്‍

newsdesk

കൊച്ചി: യുവാവിന്റെ മൂത്രസഞ്ചിയില്‍ കുടുങ്ങിയ 2.8 മീറ്റര്‍ നീളമുള്ള ചൂണ്ട നൂല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 30 വയസുള്ള ബിഹാര്‍ സ്വദേശിക്കാണ് ശസ്ത്രക്രിയ നടത്തിയത്. മൂത്രമൊഴിക്കുമ്പോള്‍ വേദനയും രക്തത്തിന്റെ സാന്നിധ്യവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ മൂത്രസഞ്ചിയില്‍ നൂല്‍ കുടങ്ങിക്കിടക്കുന്നതായി കണ്ടെത്തി. പുറത്തെടുത്തപ്പോഴാണ് നൂലിന് ഇത്രയധികം നീളമുള്ളതായി മനസ്സിലായത്.

രാത്രിയില്‍ ലിംഗത്തില്‍ ഉറുമ്പ് കടന്നുപോയതായി തോന്നലുണ്ടായതിനെ തുടര്‍ന്ന് കയ്യില്‍ കിട്ടിയ ചൂണ്ടനൂല്‍ കടത്തിവിടുകയായിരുന്നു. എന്നാല്‍ അതിന് ഇത്രയും നീളം ഉണ്ടാകുമെന്ന് ഡോക്ടര്‍ പോലും കരുതിയിരുന്നില്ല. സിസ്റ്റോസ്‌കോപ്പിക് ഫോറിന്‍ ബോഡി റിമുവല്‍ എന്ന മൈക്രോസ്‌കോപ്പിക് കീ ഹോള്‍ സര്‍ജറി വഴി ഫോറിന്‍ ബോഡി പുറത്തെടുക്കുമ്പോള്‍ വൈദ്യശാസ്ത്രത്തില്‍ തന്നെ ഇതൊരു നാഴികക്കല്ലായി മാറുമെന്ന് ആരും കരുതിയിരുന്നില്ല.

ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ യൂറിനറി ബ്ലാഡര്‍ ഫോറിന്‍ ബോഡി റിമുവല്‍ ആണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്നത്. ശസ്ത്രക്രിയക്ക് ഡോ. അനൂപ് കൃഷ്ണന്‍, ഡോ. അനൂപ്, ടെക്‌നീഷ്യന്‍ റഷീദ്, സ്റ്റാഫ് നേഴ്‌സ് ശ്യാമള എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!