
Web Desk
നമ്പര്‍18 ഹോട്ടലിലെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് അഞ്ചലിക്കും റോയ് വയലാട്ടിനുമെതിരെ ശക്തമായ തെളിവുണ്ടെന്ന് പോലീസ്. കൊച്ചി ഡിസിപി വി.യു കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ മറ്റ് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മറ്റാരും പരാതി നല്‍കിയിട്ടില്ല. റോയ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്തതില്‍ കോടതിയെ സമീപിക്കും.
അന്വേഷണം നല്ല നിലയിലാണ് മുന്നോട്ടുപോകുന്നതെന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഡിസിപി പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരാണ് പരാതി നല്‍കിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് റോയിക്കും സഹായി അഞ്ജലിക്കുമെതിരേ ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചത്.
മോഡലുകളുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ബന്ധുക്കളുട ആവശ്യത്തെ എതിര്‍ക്കില്ലെന്നും പോലീസ് അറിയിച്ചു. ഫോര്‍ട്ടുകൊച്ചി ‘നമ്പര്‍ 18’ ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുളള പോക്സോ കേസിന്റെ വിവരങ്ങള്‍ പുറത്തുവന്ന പശ്ചത്തലത്തിലാണ് അന്‍സി കബീറിന്റെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍വെച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി. ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനേയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയേയും പ്രതിചേര്‍ത്തിട്ടുണ്ട്.
മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പീഡനം നടന്നതെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തി. പോലീസില്‍ പരാതി നല്കിയാല് ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. അതേസമയം മോഡലുകളുടെ അപകടമരണത്തില്‍ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും. കേസില്‍ ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ട്, സൈജു തങ്കച്ചന് എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.