പതിനൊന്നുകാരനെ തട്ടിക്കൊണ്ടു പോയി; മർദിച്ച ശേഷം ജയ് ശ്രീറാം വിളിപ്പിച്ചതായി പരാതി

WebDesk

പതിനൊന്നു വയസുകാരനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച ശേഷം മുദ്രാവാക്യം വിളിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ഇന്‍ഡോറിലെ നിപാനിയ മേഖലയിലാണ് സംഭവം.കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ച ശേഷം നിര്‍ബന്ധിച്ച് ജയ് ശ്രീറാം, പാകിസ്ഥാന്‍ മുര്‍ദാബാദ് എന്നിങ്ങനെ വിളിക്കാനായി ഭീഷണിപ്പെടുത്തി എന്നാണ് പരാതി.
സംഭവത്തില്‍ ലസുദിയ പൊലീസ് കേസെടുത്തു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തട്ടിക്കൊണ്ടുപോകല്‍ അടക്കമുളള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പ്രതികള്‍ തന്റെ അടുത്ത് വന്നു. ബൈപ്പാസിന് സമീപം കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും കൂടെ വന്നാല്‍ വാങ്ങിതരാമെന്നും പ്രതികള്‍ പറഞ്ഞു എന്നും കുട്ടി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കാം എന്ന പേരില്‍ മഹാലക്ഷ്മി നഗറിന് സമീപം കൊണ്ടുപോയി ജയ് ശ്രീറാം, പാകിസ്ഥാന്‍ മുര്‍ദാബാദ് എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കുട്ടി സമ്മതിക്കാത്തതിനാല്‍ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു. തുടര്‍ന്ന് കുട്ടി അവിടെ നിന്നും ഓടി രക്ഷപ്പെട്ട് വീട്ടില്‍ എത്തുകയായിരുന്നു.

error: Content is protected !!