‘വാക്‌സീൻ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയത്; മൂന്നാം ഡോസ് എടുക്കാൻ വ്യവസ്ഥയില്ല’

Web Desk

ഫലപ്രാപ്തിക്കു വേണ്ടിയാണ് രണ്ടാം ഡോസ് വാക്സീനെടുക്കുന്നതിനു മുൻപുള്ള ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നു കഴിഞ്ഞ ദിവസം കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. 84 ദിവസത്തിനു മുൻപു രണ്ടാം ഡോസ് വാക്സീനെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്സ് ഗാർമെന്റ്സ് സമർപ്പിച്ച ഹർജിയിലാണ് വാക്സീൻ ലഭ്യതയാണോ കാരണമെന്നു ചോദിച്ചത്. ഇതിനു മറുപടിയായാണ് സർക്കാരിന്റെ മറുപടി സത്യവാങ്മൂലം. വാക്‌സീൻ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. കിറ്റെക്സ് കമ്പനി ജീവനക്കാർക്ക് രണ്ടാം ഡോസ് നൽകുന്നതിന് 12,000 ഡോസ് വാക്സീൻ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഇതു നൽകാൻ ആരോഗ്യ വിഭാഗത്തോടു നിർദേശിക്കണം എന്നാവശ്യപ്പെട്ടാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ ഡോസ് എടുത്ത് 45 ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസ് നൽകാൻ അനുമതി ലഭിച്ചിട്ടില്ല എന്നായിരുന്നു കമ്പനി കോടതിയെ അറിയിച്ചിരിക്കുന്നത്.

അതേസമയം രണ്ടു ഡോസ് സ്വീകരിച്ചശേഷം മൂന്നാമത് ഒരു ഡോസ് എടുക്കാൻ നിലവിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കോവാക്സീൻ എടുത്തതിനാൽ സൗദിയിൽ പോകാൻ തടസം നേരിട്ടെന്നും വിദേശത്ത് അംഗീകാരമുള്ള വാക്സീൻ എടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. മൂന്നാമത് ഒരു ഡോസെടുക്കാൻ ഹർജിക്കാരൻ കാത്തിരിക്കേണ്ടി വരുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. വീണ്ടും ഒരു ഡോസ് സ്വീകരിക്കുന്നതിനെക്കുറിച്ച് പഠനങ്ങൾ പുരോഗമിക്കുന്നതേ ഉള്ളൂ എന്നും മാർഗനിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നുമാണ് കേന്ദ്ര നിലപാട്.

error: Content is protected !!