
newsdesk
കൊച്ചി: ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ എട്ടുവയസുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നു . തിരുവനന്തപുരം സ്വദേശിയാണ് പ്രതിയെന്നാണ് സൂചന. നിരവധി മോഷണക്കേസുകളിൽ പ്രതിയും അലഞ്ഞ് തിരിയുന്ന സ്വഭാവക്കാരനാണ് ഇയാളെന്നും വിവരമുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാൾ ഉടൻ അറസ്റ്റിലാകുമെന്നും ആലുവ റൂറൽ എസ്‌പി വിവേക് കുമാർ വ്യക്തമാക്കി.
‘പുലർച്ചെ കുട്ടിയുടെ കരച്ചിൽ കേട്ടാണ് ജനൽ തുറന്ന് നോക്കിയത്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഒരാൾ കുട്ടിയുമായി പോകുന്നതാണ് കണ്ടത്. ഇയാൾ മർദിക്കുമെന്ന് കൈകൊണ്ട് കാണിച്ചതോടെ കുട്ടി കരച്ചിൽ നിർത്തി. പാന്റും ഷർട്ടും ധരിച്ച താടിയുള്ള ആളായിരുന്നു. സംശയം തോന്നി ഞാനും ഭാര്യയും വീട്ടിലെ ലൈറ്റെല്ലാം ഇട്ടശേഷം ഒരു വടിയും ടോർച്ചും എടുത്ത് പുറത്തേക്കിറങ്ങി. തൊട്ടടുത്ത വീട്ടിലെ ആളുകളെയെല്ലാം വിളിച്ചുണർത്തി. പരിസരം മുഴുവൻ അന്വേഷിച്ചെങ്കിലും കനത്ത മഴയായതിനാൽ കുട്ടിയെ കണ്ടെത്താനായില്ല. ‘- ദൃക്സാക്ഷി സുകുമാരൻ പറഞ്ഞു.
‘അടുത്ത് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ഒരു കുട്ടി ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നത് കണ്ടത്. പൂർണ നഗ്നയായിരുന്ന കുട്ടിയുടെ പുറകിലൂടെ രക്തമൊലിക്കുന്നുണ്ടായിരുന്നു. കുട്ടി പറഞ്ഞതനുസരിച്ച് വീട്ടിലേയ്‌ക്ക് എത്തിച്ചു. അവിടെ ചെന്നപ്പോൾ വീട്ടുകാർക്ക് ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. വാതിൽ പൂട്ടിയിരിക്കുകയായിരുന്നു. ഞങ്ങൾ ചെന്ന് തട്ടിയപ്പോഴാണ് വാതിൽ തുറന്നത്. ആ വീട്ടിൽ നിന്ന് എങ്ങനെ കൊണ്ടുപോയെന്ന് അറിയില്ല.’- ദൃക്സാക്ഷി വ്യക്തമാക്കി.വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം പാടത്ത് ഉപേക്ഷിച്ചെന്നാണ് പൊലീസിന്റെ നിഗമനം. പീഡനത്തിന് ഇരയായ കുട്ടിയും ദൃക്സാക്ഷിയും പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രതിക്കായി പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ പുരോഗമിക്കുകയാണ്.