
newsdesk
കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഗുണനിലവാരമുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഈസ്റ്റ് മലയമ്മയിൽ പട്ടാണിയിൽ മെഡികെയർ മുഖ്യമന്ത്രി വിഡി സതീശൻ നാടിനു സമർപ്പിച്ചു . മനുഷ്യർ നമ്മളിലേക്ക് മാത്രം ചുരുങ്ങുന്ന കാലത്ത്പട്ടാണിയിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ അബ്ദുൽ അസീസ് സി.കെ മനുഷ്യത്വത്തിന്റെ പുതിയ മുഖം ആണെന്ന് മുഖ്യമന്ത്രി അഭിനന്ദിച്ചു .
കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു . പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഓപ്പറേഷൻ തിയേറ്റർ ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചു . എംപിമാരായ എം.കെ. രാഘവൻ , ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ മുഖ്യാതിഥികളായി .എംഎൽഎമാരായ എം.എ. റസാഖ് മാസ്റ്റർ, സി.കെ. കാസിം, അഡ്വ. കെ. പ്രവീൺകുമാർ, അഡ്വ. കെ. ജയന്ത്, കെ.എം. അഭിജിത്ത്, അഡ്വ. ഫാത്തിമ തഹ്‌ലിയ, വി.ടി. സൂരജ്, അഡ്വ. വിദ്യ ബാലകൃഷ്ണൻ, മറ്റു ജനപ്രതിനിധികളും പങ്കെടുത്തു .വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ആശംസകളർപ്പിച്ചു .
രോഗാവസ്ഥ ഒരു കുടുംബത്തിലേക്ക് കടന്നുവരുമ്പോൾ ചികിത്സാച്ചെലവ് വലിയ പ്രതിസന്ധിയായി മാറുന്ന സാഹചര്യത്തിലാണ് സൗജന്യ ചികിത്സയെന്ന ആശയവുമായി പട്ടാണിയിൽ മെഡികെയർ പ്രവർത്തനം ആരംഭിക്കുന്നത്. പണമില്ലെന്ന കാരണത്താൽ ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടരുത് എന്ന നന്മയുടെ വലിയൊരു പാഠമാണ് പദ്ധതിയുടെ അടിസ്ഥാന ആശയം.
പട്ടാണിയിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രം 30,000 ചതുരശ്ര അടിയിൽ സജ്ജീകരിച്ച നാലുനില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കൊപ്പം രോഗനിർണയം, അടിയന്തര ചികിത്സ, ഡയാലിസിസ്, ഫിസിയോതെറാപ്പി, പുനരധിവാസം, പാലിയേറ്റീവ് കെയർ തുടങ്ങിയ വിവിധ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
22 ഡയാലിസിസ് മെഷീനുകളുള്ള അത്യാധുനിക യൂണിറ്റാണ് കേന്ദ്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. പ്രതിദിനം 80 പേർക്ക് ഡയാലിസിസ് നൽകാവുന്ന രീതിയിലാണ് യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. അർഹരായ രോഗികൾക്ക് ഡയാലിസിസ് സേവനം പൂർണമായും സൗജന്യമായിരിക്കും.
24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, റസിഡന്റ് മെഡിക്കൽ ഓഫീസർമാരുടെയും വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാരുടെയും സേവനം, സ്പെഷ്യാലിറ്റി ഒ.പി., എയർ കണ്ടീഷൻ ചെയ്ത ജനറൽ വാർഡുകൾ എന്നിവയും കേന്ദ്രത്തിലുണ്ട്.
മുതിർന്നവർക്കും കുട്ടികൾക്കുമായി ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഫിസിയോതെറാപ്പിയും പുനരധിവാസ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്പെഷ്യലൈസ്ഡ് ഡി-കംപ്രഷൻ, ട്രാക്ഷൻ തെറാപ്പി, മൾട്ടി-സെൻസറി തെറാപ്പി റൂം, ഇന്റഗ്രേറ്റഡ് തെറാപ്പി റൂം, പ്രത്യേക ഡെന്റൽ ചികിത്സാ സൗകര്യം എന്നിവയും ലഭ്യമാണ്.
24 മണിക്കൂറും പ്രവർത്തിക്കുന്ന സെൻട്രൽ ലബോറട്ടറി, ഡിജിറ്റൽ എക്സ്-റേ, അൾട്രാസൗണ്ട് സ്കാനിംഗ് തുടങ്ങിയ രോഗനിർണയ സംവിധാനങ്ങളും കേന്ദ്രത്തിലുണ്ട്. കിടപ്പുരോഗികൾക്കായി 24 മണിക്കൂർ പാലിയേറ്റീവ് കെയർ പിന്തുണയും പ്രൊഫഷണൽ ഹോം നഴ്‌സിംഗ് സേവനങ്ങളും ലഭ്യമാക്കും.