തിരുവമ്പാടി മണ്ഡലത്തിലേക്ക് ഇടതുപക്ഷത്തിന്റെ അപ്രതീക്ഷിത സ്ഥാനാർഥി മേയർ ബീന ഫിലിപ് പരിഗണനയിൽ

Report: News Desk

തിരുവമ്പാടി : തിരുവമ്പാടി മണ്ഡലത്തിലേക്ക് ഇടതുപക്ഷത്തിന്റെ അപ്രതീക്ഷിത സ്ഥാനാർഥിയായി മേയർ ബീന ഫിലിപ് പരിഗണനയിൽ. സൗത്ത് മണ്ഡലത്തിലേക്ക് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് എത്താനും സാധ്യത. 2015ൽ തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ വി.കെ.സി. മമ്മദ് കോയയായിരുന്നു കോർപറേഷൻ മേയറായിരുന്നത്.

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലേക്ക് സിപിഎം വി.കെ.സിയെ നിയോഗിച്ചു. അദ്ദേഹം എംഎൽഎയാകുകയും തോട്ടത്തിൽ രവീന്ദ്രൻ മേയറായി വരികയും ചെയ്തു. സമാനമായ രീതിയിലൊരു കണക്കുകൂട്ടലിലാണ് ബീന ഫിലിപ് തിരുവമ്പാടിയിലേക്കു പരിഗണിക്കപ്പെടുന്നത്.

ആരോഗ്യ പ്രശ്നങ്ങൾ കാരണം ജോർജ് എം.തോമസ് എംഎൽഎ മൽസരിക്കുന്നില്ലെന്നാണ് നിലവിലെ തീരുമാനം. മണ്ഡലത്തിലുള്ളവരെ മാത്രമേ പരിഗണിക്കാവൂ എന്നൊരാവശ്യം പ്രാദേശികനേതൃത്വം മുന്നോട്ടുവയ്ക്കുന്നുമുണ്ട്. എന്നാൽ യുഡിഎഫിലെ നീക്കങ്ങൾ തിരുവമ്പാടി ലീഗിനു തന്നെ ലഭിക്കുമെന്നാണ്.

ഇത്തരമൊരു സാഹചര്യത്തിൽ കുടിയേറ്റ മേഖലയായ മണ്ഡലത്തിൽ മേയർ എന്ന അധിക പ്രാഭവം കൂടി പ്രയോജനപ്പെടുത്താവുന്ന നിലയ്ക്ക് ബീന ഫിലിപ്പിനെ നിർത്തി തിരുവമ്പാടി നിലനിർത്താമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. രാജ്യാന്തര നിലവാരത്തിലേക്കുയർന്ന നടക്കാവ് ഗവ.ഗേൾസ് വിഎച്ച്എസ്എസ് പ്രിൻസിപ്പലായി വിരമിച്ച ബീന ഫിലിപ് പൊറ്റമ്മൽ വാർഡിൽനിന്ന് 652 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോർപറേഷനിലേക്ക് വിജയിച്ചത്.

1987ൽ സിപിഎം സ്ഥാനാർഥിയായ സി.പി.കു‍ഞ്ഞു മത്സരിച്ചു ജയിച്ച കോഴിക്കോട്–രണ്ട് മണ്ഡലത്തിലേക്ക് അദ്ദേഹത്തിന്റെ മകനും നിലവിലെ കോർപറേഷൻ ഡപ്യൂട്ടി മേയറുമായ സി.പി.മുസാഫർ അഹമ്മദിന്റെ പേരാണ് ഉയരുന്നത്. 2011ലാണ് ഈ മണ്ഡലം കോഴിക്കോട് സൗത്ത് എന്ന പേരു സ്വീകരിച്ചത്. അന്നത്തെ തിര‍ഞ്ഞെടുപ്പിൽ എം.കെ.മുനീറിനെതിരെ സി.പി.മുസാഫർ അഹമ്മദാണ് മൽസരിച്ചത്. 1376 വോട്ടിനാണ് മുനീർ അന്നു ജയിച്ചത്.

error: Content is protected !!