
newsdesk
മുക്കം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ യുഡിഎഫ് അംഗങ്ങൾ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. യു ഡി എഫിന് നേരിയ ഭൂരിപക്ഷമുള്ള ബ്ലോക്ക് പഞ്ചായത്തിൽ സി.പി.എം പ്രതിനിധി ടി.പി മാധവനാണ് പ്രസിഡൻ്റ്.യു ഡി എഫ് ധാരണ പ്രകാരം കോൺഗ്രസിലെ ബാബു നെല്ലൂളി പ്രസിഡൻറ് സ്ഥാനം രാജിവെച്ച ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് അംഗത്തിൻ്റെ വോട്ട് അസാധു ആവുകയും ഇരുപക്ഷത്തും തുല്യ നില വന്നതിനാൽ നറുക്കെടുപ്പിലൂടെ ടി.പി മാധവൻ പ്രസിഡൻറാവുകയുമായിരുന്നു. 19 അംഗ ഭരണസമിതിയിൽ യു ഡി എഫ് 10, എൽ ഡി എഫ് 9 എന്നിങ്ങനെയാണ് കക്ഷി നില. യു ഡി എഫിൽ കോൺഗ്രസിന് ആറും മുസ്ലീം ലീഗിന് നാലും അംഗങ്ങളാണ് ഉള്ളത്. ഇടത് മുന്നണിയിൽ സി.പി.എമ്മിന് ഒരു സ്വതന്ത്രനടക്കം ഏഴ്, എൽജെഡി ഒന്ന് എൻസിപി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
ധാരണ പ്രകാരം ബാബു നെല്ലൂളി 6 മാസം മുൻപ് രാജിവെക്കുകയും മുസ്ലീം ലീഗിലെ അരിയിൽ അലവിയെ പ്രസിഡൻറ് സ്ഥാനത്തേക്ക് പാർട്ടി നിർദേശിക്കുകയുമായിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് ലീഗ് അംഗം സുഹറ വെള്ളങ്ങോട്ടിൻ്റെ വോട്ട് അസാധുവായത്. ഇത് ഏറെ വിവാദങ്ങൾക്കും കാരണമായിരുന്നു. ടി.പി മാധവൻ പ്രസിഡൻ്റായി ആറ് മാസം പൂർത്തീകരിച്ച സാഹചര്യത്തിലാണ് യു ഡി എഫിലെ പത്ത് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. രണ്ടാഴ്ചക്കകം പ്രമേയത്തിൽ ചർച്ചയും തുടർന്ന് തെരഞ്ഞെടുപ്പും നടക്കുമെന്നാണ് സൂചന.
അതിനിടെ നേരത്തെ പറ്റിയത് പോലുള്ള അബദ്ധം പറ്റാതിരിക്കുന്നതിനായി യുഡിഎഫ് നേതൃത്വം കരുതലോടെയാണ് നീങ്ങുന്നത്.