
Report: News Desk
താമരശ്ശേരി: വനപാലകര്‍ക്കുനേരെ വേട്ടനായ്ക്കളെ അഴിച്ചുവിട്ട സംഭവത്തിൽ പിടിയിലായ പ്രതികളെ വനംവകുപ്പ് അധികൃതര്‍ ഉള്‍വനത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടരഞ്ഞി മുതുവമ്പായി കയ്യാലക്കകത്ത് പി.ആര്.ബിനോയ് (43), മുക്കം തേക്കും കുറ്റി കുമാരനെല്ലൂര്‍ കെ.പി. ജിതീഷ്(36), കുമാരനെല്ലൂര്‍ കളരാത്ത് കെ.ബി. ഹരീഷ്കുമാര്‍ (35) എന്നിവരാണ് കഴിഞ്ഞദിവസം വനപാലകരുടെ പിടിയിലായത്. തുടർന്ന് ഈ കേസില്‍ മുഖ്യ പ്രതി പൂവാറൻതോട് കാക്ക്യാനിയിൽ ജിൽസൻ ഉൾപ്പടെ 5 പേരെ കൂടി പിടികിട്ടാനുണ്ട്.
പിടിയിലായ പ്രതികളുമായി ചൊവ്വാഴ്ച ഉള്‍വനത്തില്‍ തെളിവെടുപ്പിനു പോയ സംഘം ഇന്നലെ രാവിലെയാണ് തിരിച്ചെത്തിയത്. തമ്പുരാന് കൊല്ലി വാവുല്‍ മലയ്ക്കു താഴെ കാട്ടിപ്പാറ വനത്തിലാണ് പ്രതികള്‍ കാട്ടുപോത്തിനെ വെടി വച്ചത്. കാട്ടുപോത്തിന്റെ തൊലി, ഇറച്ചിയുടെ അവശിഷ്ടങ്ങള്‍, തലയോട്ടി എന്നിവ വനത്തില്‍ നിന്നു വനപാലക സംഘം കണ്ടെടുത്തു. തെളിവെടുപ്പിനു ശേഷം താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം.കെ.രാജീവ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.കെ. സജീവ്കുമാര്‍, ബി.കെ. പ്രവീണ്‍കുമാര്‍, കെ.പി. പ്രശാന്തന്, പി.വിജയന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ഒ.ശ്വേത പ്രസാദ്, എം.എസ്.പ്രസൂധ, നിധിന്, ഡ്രൈവര്‍മാരായ പി.ജിതേഷ്, ഷബീര്‍ എന്നിവരാണ് പ്രതികളെ വനത്തിനുള്ളല്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്.
കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് തമ്പുരാൻ കൊല്ലി വനാതിർത്തിയിലെ സ്വകാര്യ സ്ഥലത്ത് വേട്ടയാടി ഉണക്കിയ കാട്ടുപോത്തിന്റെ ഇറച്ചി വീതം വയ്ക്കുന്നതായി വിവരം ലഭിച്ച് എത്തിയ വനപാലക സംഘത്തിനു നേരെ കഴിഞ്ഞ 21നു പുലർച്ചയ്ക്കാണ് വേട്ടനായ്ക്കളെ അഴിച്ചു വിട്ട് പ്രതികൾ വനത്തിലേക്ക് കടന്നത്. കേസിലെ മുഖ്യപ്രതിയും സ്ഥലം ഉടമയുമായ കാക്ക്യാനിയിൽ ജിൽസന്റെ പന്നി ഫാമിനോടു ചേർന്നുള്ള കെട്ടിടത്തിൽ വച്ചായിരുന്നു കാട്ടു പോത്തിന്റെ ഇറച്ചി വീതം വച്ചത്. പ്രതികളില്‍ പലരും സ്ഥിരം നായാട്ടുസംഘത്തില്പ്പെട്ടവരാണ്.