Report: News Desk
താമരശ്ശേരി: നായാട്ടു സംഘത്തെ പിടികൂടാനെത്തിയ വനപാലകർക്കുനേരെ വേട്ട നായ്ക്കളെ അഴിച്ചു വിട്ട് ഓടിപ്പോയ നായാട്ടു സംഘത്തിലെ 3 പേർ വനപാലകരുടെ പിടിയിലായതായി സൂചന. ഹരികൃഷ്ണൻ, വിനോജ്, ജിതേഷ് എന്നിവരാണ് പിടിയിലായത്. ഇവരുമായി തെളിവെടുപ്പിനു പോയ വനപാലക സംഘം രാത്രി വൈകിയും തിരിച്ചെത്തിയിട്ടില്ല. ഈ കേസിലെ മുഖ്യപ്രതി പൂവാറൻതോട് കാക്ക്യാനിയിൽ ജിൽസൻ ഉൾപ്പടെ 3 പേരെ കൂടി പിടികൂടാനുണ്ട് .
കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് തമ്പുരാൻകൊല്ലി വനാതിർത്തിയിലെ സ്വകാര്യ സ്ഥലത്ത് വേട്ടയാടി ഉണക്കിയ കാട്ടുപോത്തിന്റെ ഇറച്ചി വീതം വയ്ക്കുന്നതായി വിവരം ലഭിച്ച് എത്തിയ വനപാലക സംഘത്തിനു നേരെ കഴിഞ്ഞ 21നു പുലർച്ചയ്ക്കാണ് വേട്ടനായ്ക്കളെ അഴിച്ചു വിട്ട് പ്രതികൾ വനത്തിലേക്ക് കടന്നത്. നായ്ക്കൾ പാഞ്ഞു വന്നതോടെ വനപാലകർ പറമ്പിലെ അതിർത്തി കമ്പിവേലി ചാടി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് 50 കിലോ ഉണക്കിയ ഇറച്ചി, 2 തോക്ക്, 18 തിരകൾ, ജീപ്പ്, 5 വെട്ടുകത്തി, ഹെഡ് ലൈറ്റ് മറ്റു വെടികോപ്പുകൾ എന്നിവ കണ്ടെടുത്തിരുന്നു. സ്ഥലം ഉടമയായ കാക്ക്യാനിയിൽ ജിൽസന്റെ പന്നി ഫാമിനോടുള്ള ചേർന്നുള്ള കെട്ടിടത്തിൽ വച്ചായിരുന്നു കാട്ടുപോത്തിന്റെ ഇറച്ചി വീതം വച്ചത്. നേരത്തെ കാട്ടുപോത്തിനെ വെടിവച്ചു കൊന്ന് ഇറച്ചി ഉണക്കാൻ സൂക്ഷിച്ചതായിരുന്നു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എം.കെ. രാജീവ് കുമാറിനു വിവരം കിട്ടയതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്.