
Report: C Fasal Babu
മുക്കം: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതും അപമാനിക്കുന്നതുമായ പോസ്റ്റുകൾ നിർമിച്ച് പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കാരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡൻ്റും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ വി.കെ വിനോദ് മുക്കം പൊലിസിൽ പരാതി നൽകി.
ദേവർമഠം നാരായണൻ എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നും തന്നെ അപമാനിക്കുന്നതും സമൂഹത്തിൽ തൻ്റെ സൽപ്പേരും അന്തസും ഇടിച്ചു താഴ്ത്താൻ മനപ്പൂർവം ശ്രമിക്കുന്നതിനായി തികച്ചും കളവും അടിസ്ഥാനരഹിതവുമായ പോസ്റ്ററുകൾ വിവിധ ഗ്രൂപ്പുകളിലടക്കം പ്രചരിപ്പിച്ചതായും തന്നെ കൂടാതെ സി.പി.എം ഏരിയ സെക്രട്ടറിയെ സംബന്ധിച്ചും കളവായ ആരോപണങ്ങളുന്നയിച്ചതായും പരാതിയിൽ പറയുന്നു. സമൂഹത്തിൽ വിഭാഗീയതയും പൊതുജനങ്ങളിൽ സ്പർദ്ധയും ഉണ്ടാക്കുവാൻ ലക്ഷ്യംവെച്ച് തന്നെയും സി.പി.എം നേതാക്കളെയും വ്യക്തിപരമായി അധിക്ഷേപിച്ചിരിക്കുകയാണെന്നും ഇയാളെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയമാക്കണമെന്നും വി.കെ വിനോദ് പരാതിയിൽ ആവശ്യപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മുക്കം പൊലിസ് അന്വേഷണം ആരംഭിച്ചു.