
ന്യൂഡല്‍ഹി ∙ കോവിഡ് കെയര്‍ സെന്ററില്‍ ചികില്‍സയിലായിരുന്ന പതിനാലുകാരിയെ ശുചിമുറിയില്‍ പീഡിപ്പിച്ച് പത്തൊന്‍പതു കാരൻ അറസ്റ്റിൽ. ഡല്‍ഹിയിലെ ഛത്രപുരില്‍ ജൂലൈ 15 നാണു സംഭവം നടന്നത് . പ്രതിയെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു.പ്രതി ബലാത്സംഗം ചെയ്തെന്നും കൂട്ടാളി മൊബൈലില്‍ ചിത്രീകരിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. കൂട്ടാളിയായ യുവാവ് പീഡിപ്പിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രണ്ടുപേരും കോവിഡ് ചികില്‍സയിലായിരുന്നു.ബന്ധുക്കളോട് പെൺകുട്ടി പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ബന്ധുക്കൾ ഐടിബിപി ഉദ്യോഗസ്ഥരോടു പറയുകയും അവര്‍ വഴി പൊലീസിനെ അറിയിക്കുകയുമായിരുന്നു.