
Report: News Desk
മലപ്പുറം: കേരളത്തിനെതിരായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്ക് മറുപടി പറഞ്ഞ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. പശുവിന്റെ പേരില്‍ ദളിതരെ അക്രമിക്കുക, മുസ്ലിം ജനവിഭാഗങ്ങളെ തെരുവിലിട്ട് തല്ലിക്കൊല്ലുക അത്തരം സാഹചര്യങ്ങളാണ് യു.പിയിലുള്ളതെന്നും അതൊന്നും കേരളത്തില്‍ പറ്റില്ല എന്ന കാര്യം കേരളത്തിലെ ബി.ജെ.പി നേതാക്കന്മാര് ഒഴിവുള്ളപ്പോള്‍ യോഗി ആദിത്യനാഥിന് പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കുമെന്നും വിജയരാഘവന് പറഞ്ഞു.
ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അരക്ഷിതരായി കഴിയുന്ന സംസ്ഥാനമാണ് യോഗിയുടെ ഉത്തര്‍പ്രദേശെന്ന് എ.വിജയരാഘവന് പറഞ്ഞു. പെട്രോള്‍ വില, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നങ്ങളേയും കുറിച്ച് പരാമര്‍ശിക്കാതെയാണ് ബി.ജെ.പി നേതാക്കള്‍ ലൗ ജിഹാദ് പോലത്തെ ഇല്ലാത്ത കാര്യങ്ങളെ കുറിച്ചും മറ്റും പറയുന്നതെന്നും വിജയരാഘവന് കുറ്റപ്പെടുത്തി.
എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി എന്നാല്‍ ഫെഡറലിസത്തെ തകര്‍ക്കുന്ന ഒരു ഏര്‍പ്പാടാണ്. പെട്രോളിന് വില വര്‍ധിപ്പിച്ച് അതുംകൂടി പിടിച്ചെടുക്കാനാണ് ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം പറയുന്നത്. ആ തന്ത്രത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് വീഴാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഉളളില്‍ ഇവിടുത്തെ ഇപ്പോഴത്തെ സര്‍ക്കാര്‍ ജനങ്ങളുടെ വികാരങ്ങള്‍ വെച്ച് കളിക്കുകയാണെന്നും ശബരിമല സ്ത്രീപ്രവേശം അതിനൊരു ഉദാഹരണമാണെന്നുമായിരുന്നു ആദിത്യനാഥ് പറഞ്ഞത്. ജനവികാരം തള്ളിക്കളയുകയും സംഘട്ടനങ്ങളിലൂടെ അരാജത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ യുവാക്കള്‍ ജോലി കിട്ടാതെ ദുരിതം അനുഭവിക്കുകയാണെന്നും യു.പിയില്‍ 4 വര്‍ഷം കൊണ്ട് 4 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നല്‍കിയതെന്നും ആദിത്യനാഥ് അവകാശപ്പെട്ടിരുന്നു.