മുക്കം ഗ്രേയ്സ് പാലിയേറ്റീവ് കെയർ സെന്ററിന്റെ ബിരിയാണി ചാലഞ്ച് സമാപിച്ചു

Report: Vinod Nisari

മുക്കം: മലയോര മേഖലയിലെ ജനങ്ങളുടെ മനസ്സും വയറും നിറച്ചുകൊണ്ട് മുക്കം ഗ്രേയ്സ് പാലിയേറ്റീവ് കെയർ സെന്ററിന്റെ ബിരിയാണി ചലഞ്ച് സമാപിച്ചു.ബിരിയാണി ചാലഞ്ച് എന്ന വാക്ക് അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കും വിധം മലയോര ജനത ഏറ്റെടുത്തതോടെയാണ് സാന്ത്വന പരിചരണ മേഖലക്ക് സഹായകമാകും വിധം ബിരിയാണി ചാലഞ്ച് വൻ വിജയമായത്.

വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ ആരംഭിച്ച ബിരിയാണി തയ്യാറാക്കുന്നതിന്റെ അവസാനഘട്ടം പൂർത്തിയായത് ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ്. സംഘാടകർക്കു പുറമെ ആയിരത്തി അഞ്ഞൂറോളം വരുന്ന വളണ്ടിയർമാർ 24 മണിക്കൂറിലധികം കൈ മെയ് മറന്നു പ്രവർത്തിച്ചതോടെയാണ് മുപ്പത്തിഅയ്യായിരത്തോളം ബിരിയാണികൾ വിതരണത്തിന് തയ്യാറായത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ നാടെങ്ങും സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ, പൊതുജനങ്ങളുടെ സഹായങ്ങൾ കൊണ്ട് മാത്രം കിടപ്പിലായ നിരവധി രോഗികൾക്ക് സാന്ത്വന പരിചരണം നൽകുന്ന മുക്കം ഗ്രേയ്സ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങളും അവതാളത്തിലാവുകയായിരുന്നു. ഇതിനെ തുടർന്ന് പാലിയേറ്റീവ് കെയറിന്റെ ധ നസമാഹരണത്തിനു വേണ്ടിയാണ് ബിരിയാണിചാലഞ്ചു നടത്തിയത്.

തുടക്കത്തിൽ 25000 ബിരിയാണികൾ തയ്യാറാക്കി 100 രൂപ നിരക്കിൽ ജനങ്ങളിലെത്തിക്കാനായിരുന്നു സംഘാടകർ തീരുമാനിച്ചതെങ്കിലും ,പദ്ധതി മലയോര ജനത ഇരു കയ്യും നീട്ടി സ്വീകരിച്ചതോടെ ബിരിയാണിയുടെ എണ്ണം 35000 ത്തിലേക്കെത്തുകയായിരുന്നു. ബിരിയാണിക്കാവശ്യമായ വിഭവങ്ങൾ പൂർണ്ണമായും സൗജന്യമായി ലഭിക്കുകയായിരുന്നു.

മുക്കത്തെ ഗൾഫ് ഗോൾഡ് ഉടമയായ കുഞ്ഞിമോൻ ആണ് ബിരിയാണിയുടെ അരി പൂർണ്ണമായും സൗജന്യമായി നൽകിയത്. ബിരിയാണി തയ്യാറാക്കുന്നതിനുവേണ്ടി ചേന്ദമംഗല്ലൂരിലെ എൻ.സി,ഓഡിറ്റോറിയം ഉടമയായ ഡോക്ടർ എൻ.എം.ആബിദ് സൗജന്യമായി വിട്ടു നൽകുകയായിരുന്നു.

ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നറിഞ്ഞിട്ടും ഇത്രയധികം ബിരിയാണികൾ ഒന്നിച്ചു പാചകം ചെയ്യുന്ന പ്രവർത്തി കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്‌സ് ഫെഡറേഷൻ തിരുവമ്പാടി മണ്ഡലം കമ്മിറ്റി സൗജന്യമായി സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു.ഏറെ കഠിനമായ ജോലി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞ ആശ്വാസത്തോടൊപ്പം ,ഈയൊരു പുണ്ണ്യ പ്രവർത്തിയിൽ പങ്കാളികളാവാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് പാചകക്കാരെല്ലാവരും.

ഓഡിറ്റോറിയത്തിലെ ശബ്ദവും വെളിച്ചവും സി.എം.ലൈറ്റ് ആൻഡ് സൗണ്ടസ് വിട്ടു നൽകുകയായിരുന്നു. പാചകത്തിനാവശ്യമായ പാത്രങ്ങൾ പൂർണ്ണമായും വിവിധ വാടക സ്റ്റോറുകാർ സൗജന്യമായെത്തിച്ചു. സർവോപരി പ്രദേശത്തെ റെസിഡന്റ്‌സ് അസ്സോസിയേഷനുകളിലെയും,വിവിധ സന്നദ്ധ സംഘടനകളിലെയും ,വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും,തുടങ്ങി സ്ത്രീകളും ,യുവജനങ്ങളും ഉൾപ്പെടെയുള്ള 1500 ഓളം വരുന്ന സുമനസ്സുകൾ ഒരൊറ്റമനസ്സായി ഒരു രാപ്പകൽ അത്യധ്വാന ചെയ്തതോടെ മലയോരത്തു പുതു ചരിത്രം പിറക്കുകയായിരുന്നു. മുൻകൂട്ടി ഓർഡർ ചെയ്യാൻ കഴിയാത്തവർക്കും ഈ സദ്പ്രവർത്തിയിൽ പങ്കാളികളാവാൻ അവസരമൊരുക്കി എൻ.സി.ഓഡിറ്റോറിയത്തിൽ കൗണ്ടർ സെയിലും തയ്യാറാക്കിയിരുന്നു. കഴിഞ്ഞ ഇരുപത്തിയെട്ടു ദിവസം ഒരു നാടൊന്നാകെ കൈകോർത്തതിന്റെ ഫലം മലയോര മേഖലയിലെ സാന്ത്വന പരിചരണ രംഗത്ത് ജീവകാരുണ്യത്തിന്റെ പ്രകാശം പരത്തുമെന്നത് തീർച്ച .

error: Content is protected !!