ഐശ്വര്യകേരള യാത്രക്ക് കോഴിക്കോട്ട് ഉജ്ജ്വല സ്വീകരണം;മലയോരത്തിന്റെ മനസ്സു കീഴടക്കി രമേശ് ചെന്നിത്തല

Report: News Desk

തിരുവമ്പാടി :യുഡിഎഫ് ഐശ്വര്യകേരള യാത്രയ്ക്കു ജില്ലയിൽ ഉജ്ജ്വല സ്വീകരണം നൽകി. കൃഷിമേഖലയിലെ ദുരിതങ്ങൾക്കു പരിഹാരം ഉറപ്പ് നൽകി മലയോരത്തിന്റെ മനസ്സു കീഴടക്കിയാണു രമേശ് ചെന്നിത്തല ജില്ലയിലെ പര്യടനത്തിനു തുടക്കമിട്ടത്. തിരുവമ്പാടിയിലും താമരശ്ശേരിയിലും ആയിരങ്ങൾ യാത്രയ്ക്ക് ആവേശപൂർവം സ്വീകരണം നൽകി. വയനാട്ടിലെ പര്യടനം പൂർത്തിയാക്കി ജില്ലയിലെത്തിയ യാത്രയെ അടിവാരത്തു വച്ച് ജില്ലയിലെ യുഡിഎഫ് നേതാക്കൾ സ്വീകരിച്ചു.

ജനങ്ങൾക്കുവേണ്ടി തുറന്ന വാതിലിനരികിൽ ഇരുന്നാണ് ചെന്നിത്തല ചുരമിറങ്ങിയെത്തിയത്. അകമ്പടിയായി വാഹനങ്ങളുടെ നിര അടിവാരമെത്തിയപ്പോൾ വാതിൽ അൽപം കൂടി തുറന്ന് വാഹനത്തിന്റെ അരികിൽ എഴുന്നേറ്റു നിന്ന് അണികളിലേക്ക് ഇറങ്ങി ചെല്ലുകയ്യായിരുന്നു .

യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കൺവീനർ എം.എ.റസാഖ്, എം.കെ.രാഘവൻ എംപി, പാറക്കൽ അബ്ദുല്ല എംഎൽഎ, ഡിസിസി പ്രസിഡന്റ് യു.രാജീവൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.പി.അനിൽകുമാർ, എൻ.സുബ്രഹ്മണ്യൻ, കെ.പ്രവീൺകുമാർ, പി.എം.നിയാസ്, വി.എസ്.ജോയ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം.

പെട്ടെന്ന് അവസാനിപ്പിച്ച സ്വീകരണത്തിനു ശേഷം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനത്തിൽ ആദ്യ വേദിയായ തിരുവമ്പാടിയിലേക്ക്. സ്വീകരണവേദിക്കു തൊട്ടുമുൻപ് തുറന്ന വാഹനത്തിലേക്ക്. ഇരുവശത്തും നേതാവിനെ കാത്ത് വൻജനാവലി. വേദിയിലേക്ക് പ്രതിപക്ഷ നേതാവിനെ ചുമലിലേറ്റി ആനയിക്കുന്ന ‘ഐശ്വര്യയാത്ര സ്റ്റൈലിന്’ തിരുവമ്പാടിയിലും മാറ്റമില്ല. വൈകിട്ട് നാലിന് ആരംഭിച്ച തിരുവമ്പാടിയിലെ പൊതുയോഗത്തിൽ എം.കെ.മുനീർ, പി.ജെ.ജോസഫ്, ജോണി നെല്ലൂർ, ജി.ദേവരാജൻ, ടി.സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.

ഡൽഹിയിലെ കർഷക സമരപോരാളികൾക്ക് തിരുവമ്പാടിയിലെ കർഷകരെ സാക്ഷിനിർത്തി അഭിവാദ്യമർപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. 5 വർഷത്തെ ഇടതു ഭരണത്തിൽ കൃഷിമേഖല സമ്പൂർണമായി തകർന്നെന്ന് ഓർമപ്പെടുത്തുമ്പോൾ മുന്നിലിരിക്കുന്ന ഭൂരിഭാഗത്തിന്റെ ഉപജീവനമാർഗം കൃഷിയാണെന്നു കൂടി ഓർക്കുന്നുണ്ട് ചെന്നിത്തല. ‘കാർഷിക ഉൽപന്നങ്ങൾക്കു വിലയില്ല. വന്യമൃഗങ്ങളുടെ ശല്യം മാത്രമല്ല, വനപാലകരുടെ നടപടികളും കർഷകർക്കു ദുരിതം സമ്മാനിക്കുന്നു. യുഡിഎഫ് അധികാരത്തിൽ ഇതെല്ലാം അവസാനിപ്പിക്കാൻ നടപടികളുണ്ടാകും. ആറു വർഷം മുൻപ് റബറിന് കിലോഗ്രാമിന് 90 രൂപ വിപണി വിലയുള്ളപ്പോഴാണ് യുഡിഎഫ് സർക്കാർ 150 രൂപ താങ്ങുവില പ്രഖ്യാപിച്ചത്. കഴിഞ്ഞ 5 വർഷവും ഇതേ താങ്ങുവില തന്നെയാണ്.’ 2 മാസത്തിനു ശേഷം യുഡിഎഫ് അധികാരത്തിലെത്തിയാൽ റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന പ്രഖ്യാപനത്തിനു മറുപടിയായി മലയോരത്തിന്റെ കൂട്ട കയ്യടി.

കൃഷിമേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൽഡിഎഫ് സർക്കാർ ഒരു നടപടിയും എടുത്തില്ലെന്നും , 17 കർഷകരാണ് ഈ സർക്കാരിന്റെ കാലത്തു ജീവനൊടുക്കിയത് എന്നുകൂടി ഓർമിപ്പിച്ച് കർഷക ദുരിതത്തിന്റെ വ്യാപ്തിയാകെ വരച്ചുകാട്ടിയാണ് ചെന്നിത്തല മലയോരത്തെ സ്വീകരണവേദികളിലെ പ്രസംഗം അവസാനിപ്പിക്കുന്നത്. ഒപ്പം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ എല്ലാ നിയമനങ്ങളും പിഎസ്‌സിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും വഴിയാക്കുമെന്ന് യുവാക്കൾക്ക് ഉറപ്പുനൽകി . സ്വർണക്കടത്തും ലഹരിമരുന്നു കേസും ഉൾപ്പെടെ സർക്കാരിനെതിരെ ആരോപണങ്ങളുടെ ശരവർഷം. വാളയാറിലെ അമ്മയുടെയും കല്യോട്ട് പെരിയയിലെയും മട്ടന്നൂരിലെയും രക്തസാക്ഷികളുടെ മാതാപിതാക്കളുടെ കണ്ണീർ കാണാത്ത പിണറായി വിജയൻ ഒരു സ്ത്രീയുടെ പരാതിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെതിരെയായിരുന്നു വിമർശനം.

error: Content is protected !!