ശബരിമല സീസൺ തുടങ്ങുമ്പോൾ ശബരിമലയുടെ അതേ ദൃശ്യഭംഗി ഒരു കുഞ്ഞൻ രൂപത്തിൽ ഒരുക്കി ആളുകളുടെ കൈയ്യടി നേടുകയാണ് അത്തോളി കുടശേരി സ്വദേശി അഖിൽ എന്ന കലാകാരൻ

ശബരിമല സന്നിധാനം വിശ്വാസികളുടെ മനസ്സിൽ ഏറെ പ്രാധാന്യമുള്ള ഇടം. അതേ രൂപവും ഭംഗിയും കുഞ്ഞൻ മാതൃകയിൽ ഒരുക്കിയിരിക്കുകയാണ് അഖിൽ. ശബരിമലയിൽ പോകാൻ മാലയിട്ട് കാത്തിരുന്നെങ്കിലും ചില പ്രതിസന്ധികൾ കാരണം ദർശനം സാധ്യമായില്ല. ആ വിഷമത്തിൽ നിന്നാണ് ഒരു ചെറിയ ശബരിമല തന്നെ നിർമ്മിക്കണമെന്ന ചിന്തയിലേക്ക് അഖിൽ എത്തിയത്.

ശബരിമലയിൽ തുടങ്ങിയ മിനിയേച്ചർ യാത്ര പിന്നീട് കൂടുതൽ സൃഷ്ടികളിലേക്ക് വളർന്നു. സിനിമകളിലൂടെ മാത്രം നമ്മൾ കണ്ട വരിക്കാശ്ശേരി മനയും വാർത്തകളിൽ ഏറെ ഇടം നേടിയ അയോധ്യയിലെ രാമക്ഷേത്രവും അഖിലിന്റെ കലാസൃഷ്ടികളിൽ ഇടംപിടിച്ചു.

ഒരു മിനിയേച്ചർ പൂർത്തിയാക്കാൻ ഏകദേശം ഒരുമാസത്തോളം സമയം വേണം. ഫോം ഷീറ്റും മൾട്ടിവുഡുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഓരോ ചെറിയ ഭാഗവും കൃത്യതയോടെ ഒരുക്കുമ്പോൾ പിറക്കുന്നത് അതിമനോഹരമായ നിർമ്മിതികൾ.

അഖിലിന്റെ ഈ സൃഷ്ടികൾ കാണാൻ ദിവസവും നിരവധി പേരാണ് ഇവിടെയെത്തുന്നത്. മുതിർന്നവർക്കൊപ്പം കുട്ടികൾക്കും ഏറെ കൗതുകമാണ് ഈ കുഞ്ഞൻ നിർമ്മിതികൾ. ഓരോ മാതൃകയും അടുത്തുനിന്ന് കണ്ടും അതിന്റെ പ്രത്യേകതകൾ ചോദിച്ചറിഞ്ഞും മടങ്ങുന്നവരും നിരവധിയാണ്.

കാണാൻ ചെറുതാണെങ്കിലും ഓരോ നിർമ്മിതിക്ക് പിന്നിലും വലിയ അധ്വാനമുണ്ട്. തന്റെ കഴിവും ഭാവനയും ചേർത്ത് കൂടുതൽ വ്യത്യസ്തമായ മാതൃകകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അഖിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!