ലക്ഷത്തിലേക്കടുത്ത് സ്വർണ വില; ഇന്ന് ആയിരത്തോളം രൂപയുടെ ഇടിവ്, ഇന്നത്തെ നിരക്കറിയാം

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായി വൻ ഇടിവ്. ഇന്ന് ഒറ്റയടിക്ക് പവന് 960 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,01,560 രൂപയായി. ഗ്രാമിന് 120 രൂപ കുറഞ്ഞ് 12,695 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മാത്രം പവന് 1,600 രൂപ കുറഞ്ഞിരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വിലയിടിവോടെ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമാകുകയാണ് വിപണിയിലെ പുതിയ മാറ്റം.

ജനുവരിയിൽ റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവിലയിൽനിന്നാണ് ഇപ്പോൾ വലിയ ഇടിവുണ്ടായിരിക്കുന്നത്. ഡിസംബർ 23നാണ് സംസ്ഥാനത്ത് ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപ കടന്നത്. അന്ന് 1,01,600 രൂപയായിരുന്നു പവന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സ്വർണവിലയിലെ റെക്കോർഡ്.

അന്താരാഷ്ട്ര വിപണിയിലെ സാമ്പത്തിക സാഹചര്യങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ആഗോള വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങൾക്കും ഡോളറിന്റെ കരുത്താർജിക്കലിനും സ്വർണവിലയിൽ പ്രതിഫലനമുണ്ട്.

നിലവിൽ ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപയെന്ന നിർണായക നിലവാരത്തിന് അരികിലാണ് വിപണി. വിലയിടിവ് തുടർന്നാൽ അടുത്ത ദിവസങ്ങളിൽ തന്നെ പവൻവില വീണ്ടും ഒരു ലക്ഷത്തിന് താഴെയെത്താനുള്ള സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!