നന്മയുടെ മാതൃകയായി വേനപ്പാറ യു.പി. സ്കൂളിലെ കുരുന്നുകൾ; എസ്.എം.എ ബാധിതരായ കുരുന്നുകൾക്കായി സമാഹരിച്ചത് ഒന്നേകാൽ ലക്ഷത്തിലധികം രൂപ

മുക്കം : അപൂർവ്വ രോഗാവസ്ഥയോട് പൊരുതുന്ന മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കുഞ്ഞുങ്ങളുടെ വലിയൊരു കരുതൽ. വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതരായ 3 കുട്ടികളുടെ ചികിത്സാ നിധിയിലേക്ക് സമാഹരിച്ച ഒന്നേകാൽ ലക്ഷത്തിലധികം രൂപ ജനകീയ കമ്മിറ്റിക്ക് കൈമാറി.

തങ്ങളുടെ കൊച്ചു സമ്പാദ്യക്കുടുക്കകളും സഞ്ചയിക നിക്ഷേപങ്ങളുമൊക്കെ പെറുക്കിക്കൂട്ടിയും കാശികുഞ്ചി പൊട്ടിച്ചുമാണ് ഈ കുഞ്ഞുമക്കൾ മാതൃകയായത്. ആദ്യഘട്ടമായി സമാഹരിച്ച 1,25,743 രൂപയാണ് സ്കൂൾ അധികൃതർ ചികിത്സാ സഹായ കമ്മിറ്റിക്കായി കൈമാറിയത്.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, സ്കൂൾ ലീഡർ മിൻഹ ഫാത്തിമ എന്നിവരിൽ നിന്നും ജനകീയ കമ്മിറ്റി കൺവീനർ ഹനീഫ തെച്ച്യാട് തുക ഏറ്റുവാങ്ങി. ഈ കുരുന്നുകൾക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഇനിയും സജീവമായി പങ്കാളികളാകുമെന്ന് ജനകീയ കമ്മിറ്റിക്ക് ഉറപ്പുനൽകി.

അധ്യാപകരായ ബിജു മാത്യു, പ്രഫുൽവർഗീസ്, പി.എം. ഷാനിൽ, ജനകീയ കമ്മിറ്റി ഭാരവാഹികളായ സിബി തോമസ്, ബോസ് ഇലഞ്ഞിക്കൽ, ടി.ടി. ഷാജു, മാണിക്യൻ ഫാസിൽ, ആൽബിൻ മഞ്ചേരിൽ, നിയാസ്, അരുൺ, സജ്ജാദ് പയ്യൂളി എന്നിവരും മറ്റ് അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മനസ്സുകൊണ്ട് വലുതായ ഈ കുഞ്ഞുമക്കളുടെ കരുതൽ സമൂഹത്തിന് വലിയൊരു മാതൃകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!