മാട്രിമോണി സൈറ്റുകൾ വഴിയും സോഷ്യൽ മീഡിയയിലൂടെയും വിവാഹമോചിതരായ സ്ത്രീകളെ ലക്ഷ്യമിട്ട് ലക്ഷങ്ങൾ തട്ടിയകേസിലെ പ്രതിയെ മുക്കം പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി

മുക്കം : മാട്രിമോണി സൈറ്റുകൾ വഴിയും സോഷ്യൽ മീഡിയയിലൂടെയും വിവാഹമോചിതരായ സ്ത്രീകളെ പരിചയപ്പെട്ട് ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും തട്ടിയെടുത്ത് മുങ്ങിനടക്കുകയും മഞ്ചേരി പോലീസ്‌ പിടികൂടി പെരിന്തൽമണ്ണ ജയിലിൽ കഴിയുകയുമായിരുന്ന മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയായ ഷിബിലി (30) നെമുക്കം പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി .

കൊടിയത്തൂർ സ്വദേശിയായ വിവാഹമോചിതയായ ഒരു സ്കൂൾ അധ്യാപികയുടെ പരാതിയിലാണ് മുക്കം പോലീസ് ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. അധ്യാപികയിൽ നിന്ന് മാത്രം 4,85,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

താൻ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചാണ് ഷിബിലി മാട്രിമോണി സൈറ്റുകളിലും സോഷ്യൽ മീഡിയയിലും വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തിയിരുന്നത് . ബിസിനസ് ആവശ്യങ്ങൾക്കും മറ്റ് അത്യാവശ്യങ്ങൾക്കും എന്ന് പറഞ്ഞ് ഇരകളിൽ നിന്ന് പണം പലവഴികളിൽ കടം വാങ്ങുകയും തട്ടിയെടുക്കുകയും ചെയ്യുന്നതായിരുന്നു രീതി. ക്രെഡിറ്റ് കാർഡ് വഴിയും നേരിട്ടുമാണ് ഇയാൾ പണം വാങ്ങിയിരുന്നത്.

പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഏഴോളം കേസുകൾ നിലവിലുണ്ടെന്ന് മുക്കം പോലീസ് എസ്.ഐ. മുഹമ്മദ് ശകീബ് വ്യക്തമാക്കി. ഇരകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ മാത്രം 85 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ അന്വേഷണം വ്യാപിപ്പിക്കുന്നതോടെ തുക ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്.

വിവാഹ വാഗ്ദാനം നൽകിയും ഉദ്യോഗസ്ഥ ചമഞ്ഞും നടത്തുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ സ്ത്രീകൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ വഴി പുതിയ ബന്ധങ്ങൾ സ്ഥാപിക്കുമ്പോൾ വ്യക്തികളുടെ പശ്ചാത്തലം പൂർണ്ണമായും ഉറപ്പുവരുത്തണമെന്നും, സംശയാസ്പദമായ രീതിയിൽ പണം ആവശ്യപ്പെടുന്നവർക്കെതിരെ ഉടൻതന്നെ പോലീസിനെ സമീപിക്കണമെന്നും മുക്കം പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!