
newsdesk
താമരശ്ശേരി: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. താമരശ്ശേരി സ്വദേശിനിയായ അനോഷ്‌കയെയാണ് കാണാതായത്.
ഇന്നലെ രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. സ്‌കൂള്‍ എത്താതായതോടെ അധ്യാപിക വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ഇതോടെ ആശങ്കയിലായ വീട്ടുകാരും പരിസരവാസികളും പ്രദേശത്ത് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ യൂണിഫോം സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
യൂണിഫോം ഉപേക്ഷിച്ച് മറ്റൊരു വസ്ത്രം ധരിച്ച് പെണ്‍കുട്ടി ഈ സ്‌കൂളിലെ തന്നെ പ്ലസ് ടുവില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥിക്കൊപ്പം പോയതാണെന്നാണ് സംശയിക്കുന്നത്. സംശയം ബലപ്പെടുത്തുന്ന തരത്തിലുള്ള ചില ഫോട്ടോകളും കുടുംബത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കൊപ്പം ഇതേ സ്‌കൂളില്‍ പ്ലസ് വണ്ണിന് അഡ്മിഷനെടുത്ത മറ്റൊരു ആണ്‍കുട്ടി കൂടിയുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.
താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നുപേരും വയനാട് വഴി കര്‍ണാടകയിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. മൂന്നുപേരുടെയും ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. പെണ്‍കുട്ടിയെ കണ്ടുകിട്ടുന്നവര്‍ ഉടനെ പൊലീസില്‍ വിവരം അറിയിക്കണമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.