
newsdesk
മുക്കം : സംസ്ഥാനത്തെ സ്കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കണമെന്ന ആവശ്യവുമായി തോട്ടുമുക്കം ഗവൺമെൻ്റ് യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി റനാ ഫാത്തിമ അധികൃതരുടെ മുന്നിലേക്ക്. പുഴകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുട്ടികൾ മുങ്ങിമരിക്കുന്ന ദാരുണ സംഭവങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഈ എട്ടുവയസ്സുകാരി തന്റെ ആവശ്യവുമായി തലസ്ഥാനത്തെത്തിയത്. നിയമസഭയിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെയും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെയും നേരിൽ കണ്ട് റന നിവേദനം സമർപ്പിച്ചു.
തിരുവമ്പാടി നിയോജകമണ്ഡലം എം.എ.ൽ.എ സി.കെ. കാസിമിന്റെ നേതൃത്വത്തിലാണ് റനയും കുടുംബവും മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും സന്ദർശിച്ചത്. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ വലിയ സാമൂഹിക പ്രതിബദ്ധതയോടെ ഇത്തരം ഒരു ദൗത്യത്തിന് മുന്നിട്ടിറങ്ങിയ റനയുടെ ശ്രമത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പ്രത്യേകം പ്രശംസിച്ചു. റനയുടേത് വളരെ മികച്ചൊരു ചുവടുവെപ്പാണെന്നും, ഈ ആവശ്യത്തെ ഏറെ ഗൗരവത്തോടെ കണ്ട് അനുകൂലമായ തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്താമെന്നും ഇരുവരും ഉറപ്പുനൽകി.
മുൻപ് നടന്ന നവകേരള സദസ്സിലും അന്നത്തെ മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകി റന കേരളത്തിന്റെ ശ്രദ്ധയാകർഷിച്ചിരുന്നു. അന്നത്തെ നവ കേരള സദസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായിരുന്ന റന, പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിലാണ് തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്മാറാതെ വീണ്ടും തലസ്ഥാനത്തേക്ക് വണ്ടി കയറിയത്.തന്റെ മൂന്നാം വയസ്സിൽ തോട്ടുമുക്കം ചെറുപുഴയിലൂടെ നിഷ്പ്രയാസം നീന്തിക്കയറിയ റനയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. റനയുടെ അസാധ്യമായ നീന്തൽ വൈഭവം കണ്ട് മുൻപ് രാഹുൽ ഗാന്ധിയും നേരിട്ടെത്തി ഈ കൊച്ചു മിടുക്കിയെ പ്രശംസിച്ചിട്ടുണ്ട്. ഈ അപൂർവ്വ നേട്ടം മുൻനിർത്തി മുക്കം നഗരസഭ തങ്ങളുടെ ‘നീന്തിവാ മക്കളേ’ എന്ന ജനകീയ പ്രൊജക്റ്റിന്റെ ബ്രാൻഡ് അംബാസഡറായി റനയെ നിശ്ചയിക്കുകയായിരുന്നു.
വെറുമൊരു നിവേദനത്തിൽ ഒതുങ്ങുന്നതല്ല റനയുടെ നീന്തൽ പ്രേമം. നിവേദനം നൽകുന്നതിനൊപ്പം, തന്റെ സ്കൂളിൽ നീന്തൽ അറിയാത്ത സഹപാഠികൾക്ക് സ്വന്തം നിലയിൽ പരിശീലനം നൽകാനുള്ള ഒരുക്കങ്ങളും റന നടത്തുന്നുണ്ട്. മാധ്യമ പ്രവർത്തകൻ റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാന റഫീഖിന്റെയും മൂത്ത മകളായ റനയെ തേടി ഇതിനോടകം നിരവധി പുരസ്കാരങ്ങളാണ് എത്തിയിട്ടുള്ളത്
മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരിട്ട് കണ്ടതിൽ സന്തോഷമുണ്ടെന്നും തന്റെ നിവേദനത്തെ കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു എന്നും എല്ലാം നമുക്ക് ശരിയാക്കാം എന്നു ഇരുവരും പറഞ്ഞിട്ടുണ്ടെന്നും റന ഫാത്തിമ പറഞ്ഞു.നിവേദനം നൽകുന്നതിനായി നിയമസഭയിൽ എത്തിയ റന യും കുടുംബവും നിയമസഭാ സമ്മേളനത്തിലെ നടപടിക്രമങ്ങളും മന്ത്രിമാരുടെയും എം.എ.ൽ.എമാരുടെയും ചർച്ചകളും സംസാരങ്ങളും ഗാലറിയിലിരുന്ന് തത്സമയം വീക്ഷിച്ചതിനു ശേഷമാണ് മടങ്ങിയത്.കുരുന്നുകളുടെ ജീവൻ ജലാശയങ്ങളിൽ ഹോമിക്കപ്പെടാതിരിക്കാൻ റന നടത്തിയ ഈ ഇടപെടലിൽ വലിയ പ്രതീക്ഷയിലാണ് മലയോര മേഖലയിലെ ജനങ്ങളും രക്ഷിതാക്കളും.