കോഴിക്കോട് ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി; ഏഴുപേർക്ക് പരിക്ക്

കോഴിക്കോട്: ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന സംഘത്തിന്റെ ശരീരത്തിലേക്ക് കാർ പാഞ്ഞുകയറി ഏഴുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തമിഴ് സ്ത്രീകൾ ഉൾപ്പെടുന്ന സംഘമാണ് ഫുട്പാത്തിൽ ഉറങ്ങിയിരുന്നത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.

കല്ലായി പാലത്തിന്റെ വടക്കുവശത്തെ ഫുട്പാത്തില്‍ കിടന്നുറങ്ങുകയായിരുന്നു സംഘത്തിനുമേലാണ് കാർ പാഞ്ഞുകയറിയത് . തമിഴ്‌നാട് കടലൂർ മാവട്ടം സ്വദേശികളായ രാമയ്യ(55), വീരയ്യ(56), ധനലക്ഷ്മി(53), അയ്യമ്മ(53), അരുമകണ്ണൻ(56), ശക്തിവേൽ(57), കാമിനി (52) എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതിൽ രാമയ്യയുടെ പരിക്ക് ഗുരുതരമാണ്. കാലിന്റെ മുട്ടിന് താഴെയുള്ള എല്ലുകള്‍ തകരുകയും തുടയെല്ലും, വാരിയെല്ലും താടിയെല്ലും ഒടിയുകയും ചെയ്യും. അടിയന്തര ശസ്ത്രക്രിയ ചെയ്യാനാകാത്തതിനാല്‍ രാമയ്യയെ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടമുണ്ടാക്കിയ കാർ നിർത്താതെ അമിതവേഗതയില്‍ മറ്റൊരു ഭാഗത്തേക്ക് പോകുകയും എതിർദിശയില്‍ വന്ന മറ്റൊരു കാറിലുണ്ടായിരുന്നവർ ഇവരെ പിന്തുടർന്ന് പിടികൂടുകയും ചെയ്തു. പുഷ്പ ജംഗ്ഷന് സമീപം വെച്ചാണ് അപകടത്തിന് ഇടയാക്കിയ യുവാക്കളെ പിടികൂടിയത്. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർസാൻ, ചേലേമ്പ്ര സ്വദേശി ആദില്‍ ഷാൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്.

അപകടസ്ഥലത്തിന്റെ നൂറു മീറ്റർ അകലെയുള്ള ചെമ്മങ്ങാട് പോലീസിന് നാട്ടുകാർ ഇവരെ പിടികൂടി കൈമാറിയെങ്കിലും പിന്നീട് നോട്ടീസ് നൽകി വിട്ടയച്ചു. നോട്ടീസ് നല്‍കി വിട്ടയച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇവരെ പുലർച്ചെ നാലരയോടെ ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മദ്യപാനപരിശോധനയോ മയക്കുമരുന്ന് പരിശോധനയോ നടത്തിയില്ലെന്നും ആക്ഷേപമുണ്ട്.

ഇവരുടെ കാറിൽനിന്ന് സംശയാസ്പദമായ ചില വസ്തുക്കൾ ലഭിച്ചിട്ടുണ്ടെന്നും അത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ടൗൺ അസി.കമ്മിഷണർ കെ.വി. പ്രമോദൻ അറിയിച്ചു. കാർ കസബ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!