കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്; സംശയാസ്പദമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത് മൂന്നുപേര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്. മൂന്ന് പേരെ സംശയാസ്പദ സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പേരാമ്പ്രയില്‍ ഒരു യുവതിയ്ക്കും പുനൂരില്‍ യുവാവിനും പാമ്പിന്റെ കടിയേറ്റിരുന്നു. കൂടാതെ കുറ്റ്യാടിയില്‍ ഒരു വീടിനുള്ളില്‍ നിന്നും വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട അഞ്ച് പാമ്പുകളെ പിടികൂടിയിരുന്നു.

കേരളത്തില്‍ കഴിഞ്ഞ ദിവസം 29 പേര്‍ക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത്. കനിവ് 108 ആംബുലന്‍സുകളില്‍ ആശുപത്രിയിലെത്തിച്ചവരുടെ കണക്കാണിത്. ഇതില്‍ 21 പേരെ പാമ്പ് കടിച്ചത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ബാക്കി എട്ടുപേര്‍ക്ക് കടിയേറ്റത് പാമ്പില്‍നിന്ന് തന്നെയാണോ എന്നത് കൂടുതല്‍ പരിശോധനയില്‍ മാത്രമേ വ്യക്തമാകൂ.

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് മൂന്ന് സ്ഥിരീകരിച്ച കേസുകളും രണ്ട് സംശയിക്കുന്ന കേസുകളും ഉള്‍പ്പെടെ അഞ്ച് സംഭവങ്ങളില്‍ ആംബുലന്‍സ് സേവനം പ്രയോജനപ്പെടുത്തി.

ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ രണ്ട് കേസുകള്‍ വീതവും പാലക്കാട്, വയനാട്, കോട്ടയം ജില്ലകളില്‍ ഓരോ കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു.

പാമ്പ് കടിയേറ്റതെന്ന് സംശയിക്കുന്ന കേസുകളില്‍ കോഴിക്കോടിനും തിരുവനന്തപുരത്തിനും പുറമെ കൊല്ലം, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓരോ കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടിയന്തര ചികിത്സ ആവശ്യമായി വന്ന കേസുകളിലും ആശുപത്രികളില്‍ നിന്നുള്ള റെഫറന്‍സ് കേസുകളിലുമാണ് 108 ആംബുലന്‍സുകള്‍ പ്രധാനമായും ഇടപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!