
newsdesk
കൊടിയത്തൂർ:ഇരുവഴിഞ്ഞി പുഴയിലേക്ക് കടപുഴകി വീണു കിടക്കുന്ന മരങ്ങൾ നീക്കം ചെയ്യാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.കൊടിയത്തൂർ മുതൽ ഇരുവഞ്ഞിപുഴ ചാലിയാറിലേക്ക് കൂടിച്ചേരുന്ന ചെറുവാടി വരെയുള്ള ഭാഗങ്ങളിൽ പലയിടങ്ങളിലായി ഒട്ടനവധി മരങ്ങളാണ് പുഴയിലേക്ക് വീണു കിടക്കുന്നത്.
ഇടവഴിക്കടവ് പാലത്തിൻറെയും കൂളിമാട് പാലത്തിന്റെയും ഇടയിലായി ചാഞ്ഞു കിടക്കുന്ന മരങ്ങളും പൂർണമായി കടപുഴകി വീണ മരങ്ങളും ധാരാളമുണ്ട്. മാത്രവുമല്ല മുൻ വർഷങ്ങളിലെ ഉരുൾപൊട്ടൽ മൂലമുണ്ടായ പ്രളയ ജലത്തിൽ ഒഴുകിവന്ന മരങ്ങളും പുഴയിൽ പലയിടങ്ങളിലായി കാണപ്പെടുന്നു.സവാരി തോണിക്കാരും മീൻപിടുത്തക്കാരും അബദ്ധത്തിൽ ഈ മരക്കൂട്ടങ്ങളിൽ ചെന്നു പെടാറുണ്ട്.മാത്രവുമല്ല ചെറുവാടിയിലും പരിസരങ്ങളിലുമായി തുടക്കം കുറിച്ച കയാക്കിംഗ് കേന്ദ്രങ്ങളിൽ നിന്നുള്ള കയാക്കർമാർക്കും ഇത് വെല്ലുവിളി തന്നെയാണ്. വേനൽക്കാലങ്ങളിൽ ജലനിരപ്പ് താഴുമ്പോൾ ഇവ തെളിഞ്ഞു കാണാമെങ്കിലും മഴപെയ്തു വെള്ളം ഉയർന്നാൽ ഇവയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്.ഇതുമൂലം വെള്ളപ്പൊക്ക ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന ബോട്ടുകൾക്ക് ഈ ഭാഗങ്ങളിലൂടെ ഏറെ പ്രയാസപ്പെട്ട് മുന്നോട്ടുപോകേണ്ട ഗതിയാണ്.
പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങളിൽ ഒഴുക്ക് പിടിച്ച് തീരം പതിയെ പതിയെ ഇടിഞ്ഞു തീരാനും വഴി വെക്കാറുണ്ട്.വേനൽ കനക്കുന്ന മാസങ്ങളിൽ കിണറിനേക്കാളധികം പുഴയെ ആശ്രയിക്കുന്ന വലിയ വിഭാഗം ജനങ്ങൾ ഈ തീരത്തുണ്ട്.മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് ദൈനംദിന ആവശ്യങ്ങൾക്കായി പുഴയിൽ നിന്ന് വെള്ളം എടുക്കുമ്പോൾ മരം വീണ് ശുദ്ധത നഷ്ടപ്പെട്ട വെള്ളം കൊണ്ട് തൃപ്തിപ്പെടേണ്ട സ്ഥിതിയാണ് പലപ്പോഴും.പുഴയുടെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തി കൊണ്ട് നിലനിൽക്കുന്ന ഇത്തരം മരങ്ങൾ മഴക്കാലമെത്തും മുമ്പേ നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്.