ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ച്ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുക്കത്ത് നടത്തിയ മാർച്ച് അക്രമാസക്തമായി

മുക്കം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ച്
ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുക്കത്ത് നടത്തിയ മാർച്ച് അക്രമാസക്തമായി. മുക്കം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ഡിവൈഎഫ്ഐ പ്രവർത്തകർ വ്യാപകമായി തകർത്തു.
മുക്കം ആലിൻചുവട്ടിലും പി.സി.ജങ്ഷനിലുമായി സ്ഥാപിച്ച മൂന്ന് ഫ്ലക്സ് ബോർഡുകളാണ് ഡിവൈഎഫ്ഐ നശിപ്പിച്ചത്.
സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റുന്നതിനിടെയായിരുന്നു അക്രമം. ഇരുപത്തിയഞ്ചോളം ഡിവൈഎഫ്ഐ പ്രവർത്തകരാണ് പ്രതിഷേധ പ്രകടനത്തിലുണ്ടായിരുന്നത്.
ജില്ലാ കമ്മറ്റിയംഗം ഇ.അരുൺ, റെനിൽ രാജ്, അജയ് ഫ്രാൻസി, ശരത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.

സംഭവമറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുക്കം പി.സി.ജങ്ഷനിൽ കേന്ദ്രീകരിച്ചതോടെ നഗരത്തിൽ സംഘർഷ സാധ്യത ഉടലെടുത്തു. മുക്കം ഇൻസ്പെക്ടർ കെ.പി.ആനന്ദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൻ്റെ അവസരോചിത ഇടപെടലാണ് കൂടുതൽ സംഘർഷം ഒഴിവാക്കിയത്. തുടർന്ന്, കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി.
പി.സി.ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി അഭിലാഷ് ജങ്ഷനിൽ സമാപിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങളോടെയായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം.
പ്രതിഷേധ മാർച്ചിന് ശേഷം അഭിലാഷ് ജങ്ഷനിൽ പ്രവർത്തകർ എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാത ഉപരോധിച്ചു. ഇതോടെ, സംസ്ഥാനപാതയിൽ പതിനഞ്ച് മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു.
പോലീസെത്തി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് ഗതാഗതം പൂർവ നിലയിലായത്.

എന്നാൽ, അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയതോടെ വീണ്ടും സംഘർഷാവസ്ഥയായി. സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ സ്റ്റേഷൻ കവാടത്തിൽ പോലീസ് തടഞ്ഞു. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയച്ചതോടെയാണ് പ്രവർത്തകർ പിരിഞ്ഞു പോയത്. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രേഖാമൂലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷാബ് മുല്ലോളി, നിഷാദ് വീച്ചി, യൂത്ത് കോൺഗ്രസ് മുക്കം മണ്ഡലം പ്രസിഡൻ്റ് ലെറിൻ റാഹത്ത്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പി.കെ.സജീവ്, ഒ.കെ.ബൈജു, മുന്ദിർ ചേന്ദമംഗലൂർ, പ്രഭാകരൻ മുക്കം. നിഷാദ് നീലേശ്വരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.

error: Content is protected !!