മാവൂരിൽ കാരുണ്യത്തിന്റെ തണൽവിരിച്ച് ‘ഒപ്പം’ പാലിയേറ്റീവ് കുടുംബസംഗമം; ഒത്തുചേരൽ സ്നേഹനിർഭരമായി

മാവൂർ: രോഗക്കിടക്കയിൽ കഴിയുന്നവർക്കും, അവർക്ക് തുണയായി നിൽക്കുന്ന കുടുംബങ്ങൾക്കും സാന്ത്വനമേകി മാവൂർ ഗ്രാമപഞ്ചായത്ത് എം.സി.എച്ച് യൂണിറ്റ് ചെറുപ്പയുടെ നേതൃത്വത്തിൽ ‘ഒപ്പം’ പാലിയേറ്റീവ് കുടുംബസംഗമം സംഘടിപ്പിച്ചു. മാവൂർ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും വേറിട്ട വേദിയായി മാറി.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് രോഗികൾക്ക് വൈദ്യസഹായത്തോടൊപ്പം തന്നെ സമൂഹത്തിന്റെ കരുതലും പരിഗണനയും അനിവാര്യമാണെന്ന് അവർ പറഞ്ഞു. “പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ” എന്ന സന്ദേശം പ്രാവർത്തികമാക്കാൻ ഓരോ വാർഡിലും വിപുലമായ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രോഗാവസ്ഥ മൂലം വീടിനുള്ളിൽ ഒതുങ്ങിപ്പോയവർക്ക് പുറംലോകവുമായി സംവദിക്കാനും സന്തോഷം പങ്കിടാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.


സംഗമത്തിൽ മുഖ്യാതിഥികളായി എത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ റസീന ഫറോക്ക്, കലാകാരൻ കലാഭവൻ ഷമൽ എന്നിവർ തങ്ങളുടെ സാന്നിധ്യം കൊണ്ട് പരിപാടിയെ കൂടുതൽ ഊർജ്ജസ്വലമാക്കി. ഷമലിന്റെ നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ പങ്കെടുത്തവർക്ക് വലിയ ആവേശമായി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബല്‍ക്കീസ് ടീച്ചര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉമാദേവി കുഴിപ്പള്ളി, ഗീതാമണി, എൻ.പി. അഹമ്മദ്, ഡോ ബിന്ദു, ഡോ. സ്മിത, ബ്ലോക്ക് മെമ്പര്‍മാരായ വളപ്പില്‍ റസാക്ക്, ഉമ്മര്‍ തൊണ്ടിയേരി എന്നിവര്‍ സംസാരിച്ചു.


വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, പാലിയേറ്റീവ് മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ, ആശാ വർക്കർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കുടുംബാംഗങ്ങൾക്കായി വിവിധ മാനസിക ഉല്ലാസ പരിപാടികളും ഭക്ഷണവും ക്രമീകരിച്ചിരുന്നു. രോഗത്തിന്റെ വേദനകൾ മറന്ന് പുഞ്ചിരിയോടെ മടങ്ങിയ ഓരോരുത്തരും ഈ ഒത്തുചേരലിന്റെ വിജയത്തിന് സാക്ഷ്യം വഹിച്ചു.

error: Content is protected !!