‘നെഞ്ചിലൂടെ കയറ്റിയിട്ടു വേണം പോകാൻ..’; വിദ്യാർഥികളെ കയറ്റാത്ത ബസിനുമുന്നില്‍ കിടന്ന് ഹോംഗാര്‍ഡ് ;സംഭവം കുന്നമംഗലം, കാരന്തൂർ

കോഴിക്കോട് : വിദ്യാർഥികളെ കയറ്റാതെ പോവാനൊരുങ്ങിയ സ്വകാര്യ ബസ് റോഡില്‍ കിടന്ന് തടഞ്ഞ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ്. കോഴിക്കോട്-കുന്ദമംഗലം റൂട്ടില്‍ സർവീസ് നടത്തുന്ന നിയ എന്ന ബസിന് മുന്നിൽ കാരന്തൂർ മർക്കസ് സ്റ്റോപ്പിൽ വെച്ചായിരുന്നു ഹോം ഗാർഡിന്റെ പ്രതിഷേധം.

സ്ഥിരമായി വിദ്യാർഥികളെ അവഗണിക്കുന്ന ബസ് പതിവുപോലെ കുട്ടികളെ കയറ്റാതെ മുന്നോട്ട് പോവുകയായിരുന്നു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് ബസ് തടയാൻ ശ്രമിച്ചെങ്കിലും ബസ് നിർത്തിയില്ല. ഇതോടെ മറ്റു വഴികളില്ലാതെ ഹോം ഗാർഡ് ബസിന് മുന്നിലേക്ക് ചാടിവീണ് റോഡില്‍ കിടന്നു.

“എന്നാല്‍ എന്റെ നെഞ്ചത്തുകൂടി കയറ്റ്, അല്ലാതെ ഈ വണ്ടി ഇവിടുന്ന് പോകില്ല,” എന്ന് ഹോം ഗാർഡ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഈ സംഭവം കണ്ടുനിന്ന വിദ്യാർഥികള്‍ ഒന്നടങ്കം കയ്യടിച്ച്‌ ഹോം ഗാർഡിന് പിന്തുണ നല്‍കി. ദിവസവും തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടികള്‍.

error: Content is protected !!