
Report: Web Desk
മലപ്പുറം പ്രാക്തന ഗോത്ര വിഭാഗം ചോലനായ്ക്കരിൽ നിന്ന് ആദ്യമായി ഒരു സ്ഥാനാർഥി. വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ സുധീഷ് ആണ് ഇത്തവണ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ കാടിറങ്ങിയാണ് ഓരോ ദിവസവും സുധീഷ് പ്രചാരണത്തിനെത്തുന്നത്.
ഏഷ്യയിലെ ഏറ്റവും പുരാതനമായ ഗോത്രനിവാസികളിൽ ഉൾപ്പെട്ട വിഭാഗമാണ് ചോലനായ്ക്കർ. അടുത്ത കാലം വരെ ഗുഹകളിൽ താമസിച്ചിരുന്നവരാണ് ഇവർ. ഈ ഗോത്ര വിഭാഗത്തിൽ നിന്നും ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ഥാനാർഥി പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വഴിക്കടവ് ബ്ലോക്ക് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായാണ് സുധീഷ് ജനവിധി തേടുന്നത്.
യാത്രാ മാർഗങ്ങളില്ലാത്തതും പുരോഗമനം കടന്നെത്താതുമായ വനത്തിനകത്തെ തന്റെ കോളനിയുടെ വികസനം തന്നെയാണ് സുധീഷ് എന്ന ഈ ഇരുപത്തിയൊന്ന്കാരന്റെ ആദ്യ സ്വപ്നം. വനത്തിനകത്തെ അളക്കൽ കോളനിയിൽ നിന്ന് പ്രചാരണം ആരംഭിച്ച സുധീഷ് ഇപ്പോൾ തിരക്കുപിടിച്ച പ്രചാരണപരിപാടികളിലാണ്.