
Report: Web Desk
അശ്ലീല യുറ്റുബറെ ആക്രമിച്ച സംഭവംത്തിൽ ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും അറസ്റ്റ് ഉടൻ. യൂട്യൂബിൽ അശ്ലീല അപവാദം നടത്തി വീഡിയോ ചെയ്ത വെള്ളയാണി സ്വദേശി വിജയ്പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർക്ക് മുൻകൂർ ജാമ്യമില്ല. ജാമ്യാപേക്ഷ അഡിഷണൽ സെഷൻസ് കോടതി രൂക്ഷവിമർശനത്തോടെ തള്ളുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ അറസ്റ്റ് ഒഴിവാക്കാനാകില്ല എന്നാണ് പോലീസിന്റെ വിലയിരുത്തൽ.സംസ്കാരമുള്ള പ്രവർത്തിയല്ല ഇവർ ചെയ്തതെന്നും നിയമം കയ്യിലെടുക്കാൻആർക്കും അവകാശമില്ലെന്നും കോടതി പറഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് തമ്പാനൂർ പോലീസ് മൂവരുടെയും വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ചുമതല കോടതിയുടെതാണെന്ന് ചൂണ്ടിക്കാട്ടി. ഇവർക്ക് ജാമ്യം നൽകുന്നത് നിയമം കയ്യിലെടുക്കുന്നതിനു കാരണമാകുമെന്നായിരുന്നു പ്രോസിക്യൂഷൻറെ വാദം.
കഴിഞ്ഞ മാസം 26നായിരുന്നു ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റുകൾ ആയ ശ്രീലക്ഷ്മി അറക്കൽ, ദിയ സന എന്നിവർ വിജയ് പി നായരുടെ താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറുകയും കരിഓയിൽ ഒഴിക്കുകയും മർദിക്കുകയും ചെയ്തത്. ലാപ്ടോപ്പും മൊബൈൽ ഫോണും കൈക്കലാക്കി തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി ലാപ്ടോപ്പും മൊബൈൽ ഫോണും കൈക്കലാക്കാൻ ശ്രമിച്ചുവെന്ന കേസാണ് ഇവർക്ക് മേൽ തമ്പാനൂർ പോലീസ് ചുമത്തിയത്. അഞ്ചു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇവരുടെ പരാതിയിൽ വിജയ്ക്കെതിരെ കേസ് എടുത്തെങ്കിലും കോടതി വിജയ് പി നായർക്ക് ജാമ്യം അനുവദിച്ചിരുന്നു. സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും തീരുമാനം.