
newsdesk
താമരശ്ശേരി∙ പെരുന്നാൾ ദിനമായ ഇന്നു ചുരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് കർശന ട്രാഫിക് നിയന്ത്രണ നടപടികൾ സ്വീകരിക്കും. ചുരം കയറിയിറങ്ങുന്ന വാഹനങ്ങൾ ചുരത്തിൽ എവിടെയെങ്കിലും നിർത്തിയാൽ പിഴ ഈടാക്കും. വാഹനങ്ങളുടെ അമിത വേഗം, ട്രാഫിക് നിയമം പാലിക്കാതെ മറികടക്കൽ എന്നിവയും പിടികൂടും. ആവശ്യമായ ഇന്ധനം ഇല്ലാതെ ചുരത്തിൽ വാഹനങ്ങൾ കുടുങ്ങിയാലും നടപടി ഉണ്ടാകും. അവധിക്കാലം തുടങ്ങിയതോടെ ചുരത്തിൽ വാഹന ബാഹുല്യം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി യാത്രക്കാർ പൊലീസുമായി സഹകരിക്കണമെന്ന് താമരശ്ശേരി ഡിവൈഎസ്പി പി.പ്രമോദ് അഭ്യർഥിച്ചു.