
കോഴിക്കോട് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ രണ്ടാഴ്ചയിലുണ്ടായത് വൻ വർധന. 684 പേർരോഗം സ്ഥിരീകരിച്ച ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ശതമാനമാണ്. എന്നാൽ രണ്ടാഴ്ച മുൻപ് ഇത് 4 ശതമാനത്തിനടുത്തായിരുന്നു. 100 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമ്പോൾ അതിൽ എത്ര പേർ പോസിറ്റീവാകുന്നു എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത്രയും നാൾ നടത്തിയ ടെസ്റ്റുകളുടെ കണക്കെടുത്താൽ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.59 ശതമാനമാണ്. സംസ്ഥാന തലത്തിൽ ഇതു 6.18 ശതമാനമാണ്.
കഴിഞ്ഞ രണ്ടാഴ്ചയിൽ 7,059 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ആകെ സ്ഥിരീകരിച്ച കേസുകളുടെ 50 ശതമാനത്തോളം ഈ കാലഘട്ടത്തിലാണുണ്ടായത്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കോവിഡ് പരിശോധനകൾ നടത്തുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്. മൂന്നേകാൽ ലക്ഷത്തിലേറെ പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പരിശോധനകൾ കൂടുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്ന ഉദ്ദേശമുണ്ടായിരുന്നു. എന്നാൽ, കേസുകൾ വർധിക്കുകയാണുണ്ടായത്. ജില്ലയിൽ രോഗലക്ഷണങ്ങളുള്ള പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യവുമുണ്ട്. അത്തരം കേസുകളിൽ വീടുകളിൽ നിരീക്ഷണം സാധ്യമല്ലാത്തതിനാൽ കോവിഡ് ചികിത്സയ്ക്കുള്ള ബെഡുകൾ കൂടുതൽ ഒരുക്കാനുള്ള തയാറെടുപ്പിലാണ് ജില്ലാ ഭരണകൂടം