ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയിൽ ജനജീവിതം ദുസഹമാക്കി. മലയോരമേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കനത്ത അപകടഭീഷണിയിൽ ആണ്

newsdesk

ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയിൽ കോഴിക്കോട് നഗരത്തിലുള്‍പ്പെടെ വലിയതോതില്‍ വെള്ളക്കെട്ടുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മലയോരത്തും തീരദേശങ്ങളിലും മഴയും കാറ്റും ആശങ്ക ഉയര്‍ത്തുകയാണ്. കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡ് , മാവൂര്‍ റോഡ്, സ്റ്റേഡിയം പരിസരം, മാനാഞ്ചിറ പരിസരം എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. താമരശ്ശേരി മൈക്കാവില്‍ മണ്ണിടിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഗരത്തിലെ റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം രൂക്ഷമാക്കി. മലയോരത്ത് മഴ ശക്തമായി തുടരുകയാണ്. ചാലിയാറിലും ഇരുവഞ്ഞി പുഴയിലും പൂനൂര്‍ പുഴയിലും കല്ലായി പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. മലയോരത്ത് ദേശീയ പാതയിലും ഗ്രാമീണ റോഡുകളിലും വെള്ളംകയറി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ മുഴുവൻ വിനോദസഞ്ചാരങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചതായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ദുരന്തങ്ങള്‍ തടയുന്നതിനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിറക്കി. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, കിണര്‍ നിര്‍മ്മാണം എന്നിവ കര്‍ശനമായി നിര്‍ത്തിവച്ചു.

വെളളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ തുടങ്ങി എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് അലര്‍ട്ടുകള്‍ പിൻവലിക്കും വരെ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണം.

മലയോര മേഖലയില്‍ താമസിക്കുന്നവരെ അപകടാവസ്ഥ മുന്നില്‍കണ്ട് ആവശ്യമെങ്കില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കും. പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തുമുള്ള അപകടകരമായ എല്ലാ മരങ്ങളും ചില്ലകളും അടിയന്തരമായി മുറിച്ച്‌ നീക്കുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണവകുപ്പ് സ്വീകരിക്കണം

error: Content is protected !!