യുവാവിന്റെ മരണകാരണം വാഹനാപകടമല്ല,​ പോസ്റ്റ്‌മോർട്ടത്തിൽ പുറത്തുവന്നത് അരുംകൊല; പിന്നിൽ പ്രവർത്തിച്ച സഹോദരനും സുഹൃത്തും പിടിയിൽ

newsdesk

തൃശൂർ: ചേറ്റുപുഴയിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ വഴിതിരിവ്. യുവാവിന്റെ മരണകാരണം വാഹനാപകടമല്ല എന്നും അത് കൊലപാതകമാണെന്നും പൊലീസ് കണ്ടെത്തി. യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്ന് പൊലീസ് വ്യക്തമാക്കി. അരിമ്പൂർ സ്വദേശി ഷെെൻ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സഹോദരനും സുഹ‌ൃത്തും പിടിയിലായി.

കസ്റ്റഡയിലെടുത്ത ഷെെനിന്റെ സഹോദരൻ ഷെറിനെയും ഇയാളുടെ സുഹൃത്ത് അരുണിനെയുംപൊലീസ് ചോദ്യം ചെയ്യുകയാണ്. ഒന്നിച്ച് പോകുമ്പോൾ ബെെക്കിൽ നിന്ന് ഷെെൻ വീണതായാണ് പിടിയിലായവർ പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് സത്യം പുറത്തുവന്നത്.
കഴിഞ്ഞ 13-ാം തീയതിയാണ് സംഭവം നടന്നത്. രാത്രി തൃശൂർ നഗരത്തിലെ ബാറിൽ നിന്ന് തന്നെ കൂട്ടിക്കൊണ്ടുപോകാൻ ഷെെൻ ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ പാതിവഴിയിൽ പെട്രോൾ തീർന്നതിനെത്തുടർന്ന് ഉണ്ടായ തർക്കത്തിനിടെ ഷെറിൻ ഹെൽമറ്റ് ഉപയോഗിച്ച് ഷെെനിനെ അടിച്ചുവീഴ്ത്തി. ഇയാൾക്ക് ബോധമില്ലെന്ന് കണ്ട് ബെെക്കിൽ നിന്ന് തള്ളിയിടുകയാണുണ്ടായത്.

ശേഷം പൊലീസിനെയും ആംബുലൻസിനെയും വിളിച്ചുവരുത്തുകയും ചെയ്തു. അപകടം ഉണ്ടായതാണെന്ന് ഇവർ പറഞ്ഞു. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ ബെെക്കിൽ നിന്ന് വീണതിന്റെ പരിക്കുകളല്ല ഇയാൾക്കുണ്ടായിരുന്നതെന്ന് മനസിലായി. കൂടാതെ തലയ്ക്ക് അടിയേറ്റതായും കണ്ടെത്തി. തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്.

error: Content is protected !!