52 ദിവസത്തിന് ശേഷം ആവേശത്തോടെ കടലിലേക്കു പോയി ; ചാകരക്കോളില്ലാതെ ആദ്യ ദിനം നിരാശയോടെ മടങ്ങി കടലിൻറെ മക്കൾ

newsdesk

കോഴിക്കോട്: 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം കടന്നുകിട്ടിയതിന്റെ ആശ്വാസത്തില്‍ കടലിലിറങ്ങിയ തൊഴിലാളികള്‍ നിരാശരായി മടങ്ങി.

ജില്ലയിലെ 300 ഓളം ചെറുതും വലുതുമായ യന്ത്രവല്‍കൃത ബോട്ടുകളും, വള്ളങ്ങളും ഇന്നലെ പുലര്‍ച്ച തന്നെ ചാകരക്കോളും തേടി കടലിലേക്ക് കുതിച്ചിരുന്നു. എന്നാല്‍ ഏറെ വെെകിയിട്ടും മത്സ്യം നിറച്ച ഒരു ചെറു ബോട്ട് പോലും തീരത്തടുത്തില്ല.

സാധാരണ ട്രോളിംഗ് കഴിയുന്ന ആദ്യ ദിനങ്ങളില്‍ 10മുതല്‍ 20 ടണ്ണോളം കിളിമീൻ നിറഞ്ഞ ബോട്ടുകള്‍ തീരം തൊടാറുണ്ട്. എന്നാല്‍ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എന്നിവിടങ്ങളിലൊന്നും മത്സ്യം നിറച്ച ഒരു ബോട്ടും പോലും തീരത്തെത്താതിരുന്നത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തി. അതേ സമയം അര്‍ദ്ധരാത്രി പുറപ്പെട്ട വലിയ ബോട്ടുകളൊക്കെ തിരികെയെത്താൻ ദിവസങ്ങളെടുക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇതിലാണ് അവരുടെ പ്രതീക്ഷയും.

കൂന്തല്‍, കിളിമീൻ, ചെമ്മീൻ സീസണായതിനാല്‍ ഇവ കൂടുതല്‍ ലഭിക്കുമെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ. സാധാരണ ട്രോളിംഗ് കഴിയുന്ന ദിവസങ്ങളില്‍ ഇവ ലഭിച്ചിരുന്നു. ആദ്യ ദിനം മീൻ കിട്ടാതായതോടെ മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. ഇക്കുറി മഴയുടെ ലഭ്യത കുറഞ്ഞതാണ് മലബാര്‍ മേഖലയില്‍ മത്സ്യ സമ്പത്ത് കുറയാനിടയാക്കിയെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്

error: Content is protected !!