2025-ൽ കെ.ജി.എഫ് 3, അഞ്ചാം ഭാ​ഗത്തിന് ശേഷം റോക്കി ഭായിയായി പുതിയൊരാൾ- നിർമാതാവ്

WebDesk

കെ.ജി.എഫ് ചിത്രങ്ങളിലൂടെ സംവിധായകൻ പ്രശാന്ത് നീലും നായകൻ യഷും ഇന്ത്യൻ സിനിമാ ലോകത്ത് തീർത്ത ഓളം അത്ര ചെറുതല്ല. രണ്ടേ രണ്ട് സിനിമകൾ കൊണ്ടാണ് റോക്കി ഭായ് എന്ന കഥാപാത്രം ജനമനസുകളിലേക്ക് ഇടിച്ചുകയറിയത്. മൂന്നാം ഭാ​ഗം വന്നേക്കുമെന്ന സൂചനയോടെയാണ് കെ.ജി.എഫ് ചാപ്റ്റർ 2 അവസാനിച്ചത്. റോക്കി ഭായിയുടെ മൂന്നാം വരവിനേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് നിർമാതാവ് വിജയ് കിര​ഗണ്ടൂർ.
വിജയ് കിര​ഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോംബാലെ ഫിലിംസാണ് കെ.ജി.എഫ് ഒന്നും രണ്ടും ഭാ​ഗങ്ങൾ നിർമിച്ചത്. മൂന്നാം ഭാ​ഗം പക്ഷേ ഉടനൊന്നുമുണ്ടാവില്ലെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് കിര​ഗണ്ടൂർ പറഞ്ഞത്. സംവിധായകൻ പ്രശാന്ത് നീൽ നിലവിൽ സലാർ എന്ന ചിത്രം ചെയ്യുന്ന തിരക്കിലാണ്. അതിന് ശേഷം മാത്രമേ കെ.ജി.എഫ്. മൂന്നാം ഭാ​ഗമുണ്ടാവൂ എന്നും അത് ചിലപ്പോൾ 2025-ലായിരിക്കുമെന്നും വിജയ് പറഞ്ഞു.
2026-ലായിരിക്കും കെ.ജി.എഫ് 3 റിലീസ് ചെയ്യുക. യഷ് നായകനായി കെ.ജി.എഫിന് അഞ്ച് ഭാ​ഗങ്ങളൊരുക്കും. അഞ്ചാം ഭാ​ഗത്തിന് ശേഷം പുതിയൊരു നായകനെ വെച്ച് ഇതേ ചിത്രത്തിന്റെ തുടർച്ചകളുണ്ടാവും. ഹോളിവുഡിൽ ജെയിംസ് ബോണ്ട് ചിത്രങ്ങളെ മാതൃകയാക്കിയാകും നായകനെ മാറ്റുന്നത്. വിജയ് കിര​ഗണ്ടൂർ പറഞ്ഞു. ഹോംബാലെ പ്രൊഡക്ഷൻസിലെ മറ്റൊരു നിർമാതാവായ കാർത്തിക് ​ഗൗഡയും കെ.ജെ.എഫ് 3 വൈകുമെന്ന് അറിയിച്ചിരുന്നു.

error: Content is protected !!