ദേശീയപാതയിലെ കുഴി അടയ്ക്കലില്‍ വീണ്ടും ഹൈക്കോടതി ഇടപെടല്‍; കലക്ടര്‍മാര്‍ അടിയന്തരമായി പരിശോധ നടത്തണം

Web Desk

ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ അടിയന്തരമായി പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഇടപ്പളളി- മണ്ണൂത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍ -എറണാകുളം കലക്ടര്‍മാര്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ദേവരാമചന്ദ്രന്‍ അമിക്കസ്‌ക്യൂറി വഴിയാണ് ജില്ലാകലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അടിയന്തരമായി അറ്റക്കുറ്റപ്പണിയുടെ സ്ഥിതിഗതികള്‍ വിലയിരുത്തണം. അറ്റകുറ്റപ്പണികളുടെ നിലവാരം പരിശോധിക്കണം എന്നുമാണ് നിര്‍ദേശം

ഹൈക്കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ദേശീയപാതയിലെ കുഴിയടക്കല്‍ ഇന്ന് ആരംഭിച്ചിരുന്നു. എന്നാല്‍ കുഴിയടക്കല്‍ അശാസ്ത്രിയമായ രീതിയിലാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പാക്കറ്റിലാക്കിയ ടാര്‍ മിക്‌സ് കൊണ്ടുവന്ന് കുഴികളില്‍ തട്ടി കൈകോട്ട് ഉപയോഗിച്ച് ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതിഥി തൊഴിലാളികള്‍ മാത്രമാണ് ജോലിക്കായി ഉള്ളത്. കരാര്‍ കമ്പനിയുടെ ഉദ്യോഗസ്ഥരോ ഉത്തരവാദിത്തത്തപ്പെട്ടവരോ ഇവരുടെ കൂടെ ഇല്ല. നിരന്തരം അപകടം നടക്കുന്ന മേഖലയാണെന്നും ഇത്തരത്തില്‍ ഒരു അറ്റകുറ്റപണി നടത്തിയിട്ട് കാര്യമില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

error: Content is protected !!