കോണ്‍ഗ്രസ് മാര്‍ച്ചില്‍ കൊല്ലത്തും കോഴിക്കോട്ടും സംഘര്‍ഷം; ജലപീരങ്കി, ലാത്തിച്ചാര്‍ജ്

Web Desk

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വെള്ളിയാഴ്ച്ചയും സംഘര്‍ഷം. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധം പൊലീസ് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ബലംപ്രയോഗിച്ചു. സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ദേശീയപാത ഉപരോധിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട കളക്ടറേറ്റുകളിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ മുന്നേറിയതോടെ, പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തി. കാസര്‍കോട് ബിരിയാണി ചെമ്പുമേന്തിയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.

കണ്ണൂരില്‍ കളക്ടറേറ്റ് മാര്‍ച്ചിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പൊലീസുമായി ഉന്തും തള്ളുമുണ്ടായത്. കണ്ണൂരില്‍ മാര്‍ച്ച് അക്രമാസക്തമായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

error: Content is protected !!