ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല; മന്ത്രി പി രാജീവിനെ തള്ളി ഡബ്ല്യുസിസി

Web Desk

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിയമമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നു തന്നെയാണ് സിനിമാ മേഖയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ നിലപാട്. അതേസമയം പരാതിക്കാരികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടാകണം റിപ്പോര്‍ട്ട് പുറത്തു വിടേണ്ടതെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നു തന്നെയാണ് ഡബ്ല്യുസിസിയുടെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് അധികാരികള്‍ക്ക് ഔദ്യോഗികമായി കത്തു മുഖേനയും നല്‍കിയിട്ടുണ്ട്. വനിതാ കമ്മീഷനുമായുള്ള കൂടിക്കാഴ്ചയില്‍ താനും പങ്കെടുത്തിരുന്നു. അന്ന് നല്‍കിയതിന് സമാനമായ കത്തു തന്നെയാണ് മന്ത്രിക്കും നല്‍കിയതെന്ന് ദീദി ദാമോദരന്‍ പറഞ്ഞു. മന്ത്രിയുമായി ചര്‍ച്ച നടത്തിയവരുമായി സംസാരിച്ചതില്‍ നിന്നും മനസ്സിലാകുന്നത്, അവര്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പരാതിക്കാരികളുടെ സ്വകാര്യത, സംഭവ സ്ഥലം, സമയം, മൊഴികള്‍ തുടങ്ങിയവ പുറത്തുവരുന്നതില്‍ വേവലാതികള്‍ അറിയിച്ചിരുന്നു. ഇതില്‍ പേരുകള്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും ആളെ തിരിച്ചറിയാന്‍ ഇടയാക്കില്ലേ എന്ന ആശങ്കയും പങ്കുവെച്ചിരുന്നു. കോണ്‍ഫിഡന്‍ഷ്യല്‍ ആയ വസ്തുതകള്‍ ഒഴിവാക്കിക്കൊണ്ട്, റിപ്പോര്‍ട്ട് പുറത്തു വിടണമെന്നു തന്നെയാണ് സംഘടനയുടെ റിക്വസ്റ്റെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

error: Content is protected !!