
Web Desk
സിൽവർ ലൈൻ ബഫർ സോണിൽ വിശദീകരണവുമായി കെ റെയിൽ രംഗത്ത്. വികസന പ്രവർത്തനങ്ങൽ മുൻനിർത്തി റെയിൽവേ ലൈനുകൾക്ക് 30 മീറ്റർ ബഫർ സോൺ നിലവിലുണ്ട്. എന്നാൽ സിൽവർ ലൈനിന്റെ ബഫർ സോൺ 10 മീറ്റർ മാത്രമാണ്. അലൈൻമെന്റിന്റെ അതിർത്തിയിൽ നിന്ന് ഇരുവശത്തേയ്ക്കും 10 മീറ്റർ മാത്രമാണ് ബഫർ സോൺ. ആ 10 മീറ്ററിൽ ആദ്യത്തെ അഞ്ച് മീറ്ററിൽ മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുള്ളത്. ബാക്കി അഞ്ച് മീറ്ററിൽ മുൻകൂർ അനുമതി വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താമെന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കി.
കോട്ടയം നട്ടാശേരിയിൽ സിൽവർ ലൈനിന്റെ ഭാഗമായി സ്ഥാപിച്ച സർവേക്കല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു. 12 കല്ലുകളാണ് ഇന്ന് രാവിലെ നാട്ടുകാരെത്തും മുൻപ് ഉദ്യോഗസ്ഥർ സ്ഥാപിച്ചത്. കുഴിയാലിപ്പടി ഭാഗത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് അതിരടയാള കല്ലുകൾ സ്ഥാപിച്ചത്. സർവേക്കല്ലുകളുമായെത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞതോടെ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്. പിഴുത കല്ലുകളുമായി മാർച്ച് നടത്താൻ പോവുകയാണെന്നും പ്രതീകാത്മകമായി വില്ലേജ് ഓഫീസിന് മുന്നിൽ കല്ലിടുമെന്നുമാണ് സമരക്കാർ പറയുന്നത്.
എറണാകുളം മാമലയിൽ സിൽവർലൈൻ സാറ്റലൈറ്റ് സർവേ ആരംഭിക്കാനായി ഉദ്യോഗസ്ഥരെത്തി. ഇവിടെ സർവേ നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.