തിരുവമ്പാടി മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ഉയരെ പദ്ധതിയുമായി ലിൻേറാ ജോസഫ് എംഎൽഎ

Web Desk

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ഉയരെ പദ്ധതിയുമായി ലിൻേറാ ജോസഫ് എംഎൽഎ. പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലം, പഞ്ചായത്ത്, സ്കൂൾതല വിദ്യാഭ്യാസ സമിതി ഏപ്രിൽ-മെയ് മാസങ്ങളിൽ രൂപീകരിക്കുകയും ചെയ്യും. എട്ട് പ്രത്യേക പദ്ധതികളാണ് നടപ്പാക്കുക.
കരുതൽ പദ്ധതി പ്രകാരം ഗോത്രവർഗങ്ങളുടെ ആരോഗ്യ പരിചരണം, പരിപോഷണം, നൈപുണി വികസനം എന്നിവ ലക്ഷ്യം വെയ്ക്കുന്നു. വിദ്യാർത്ഥികളുടെ കായിക രംഗത്തെ വികസനത്തിനായി സഹകരണ മേഖലയിൽ കായിക സെൻ്റർ സ്ഥാപിക്കും.

സമ്പൂർണ്ണ ഹോം ലൈബ്രറി ലക്ഷ്യമിട്ട് ലിറ്ററേച്ചർ ഫെസ്റ്റ്, 8, 9 ക്ലാസുകളിലെ പ്രതിഭകളെ കണ്ടത്തി സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി ടാലൻ്റ് ക്ലബ്, 5 സെൻ്റ് സ്ഥലമെങ്കിലും വിട്ടുനൽകാൻ തയ്യാറാവുന്ന വിദ്യാലയങ്ങളിൽ മിയാവാക്കി ഫോറസ്റ്റ്, ഒരു പഞ്ചായത്തിലെ ഒരു ഹയർ സെക്കൻ്ററിയിൽ ആധുനിക രീതിയിലുള്ള സയൻസ് ലാബ്, അടിസ്ഥാന സൗകര്യ വികസനത്തിനായി ഇൻ്ററാക്റ്റീവ് ലേണിംഗ് പാർക്ക്, പ്രീ സ്കൂൾ വികസന പദ്ധതികൾക്കായി തണൽ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുക.
ഇതിൻ്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾക്കും മണ്ഡലത്തിൽ തുടക്കമായി. നിയോജക മണ്ഡലത്തിലെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി സൗജന്യ മെഡിക്കൽ, എൻജിനീയറിങ് ക്രാഷ്‌ കോഴ്‌സ് നൽകുന്ന അപ് ലിഫ്റ്റ് പദ്ധതിയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.
എൻട്രൻസ് കോച്ചിംഗ് രംഗത്തെ പ്രഗത്ഭരായ ടാർഗറ്റ് ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി. സ്കൂളുകളിൽ വെച്ച് നടത്തുന്ന അഡ്മിഷൻ ടെസ്റ്റിലൂടെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി സൗജന്യമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സാമൂഹിക സാമ്പത്തിക കാരണങ്ങളാൽ പ്രതിസന്ധി നേരിടുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ സഹായകരമാകും പദ്ധതിയെന്ന് എം എൽ എ പറഞ്ഞു.
ഐ ഐ ടി, എയിംസ്, എൻഐടി പോലെയുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മലയോര മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികളെ എത്തിച്ച് അവരിലൂടെ ഈ മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് ആക്കം കൂട്ടാനാണ് അപ് ലിഫ്റ്റ് പദ്ധതി ലക്ഷ്യംവെക്കുന്നത്.

error: Content is protected !!