കൊറോണ വ്യാപനം തടയാനുള്ള മാർഗം ഒരുക്കിയിരിക്കുകയാണ് കള്ളൻതോട് കെ.എം.സി.ടി. എഞ്ചിനീയറിംഗ് കോളേജിലെ ഒരുപറ്റം വിദ്യാർത്ഥികൾ

സമ്പർക്ക വ്യാപനത്തിലൂടെ കോവിഡ് രോഗികൾ വർധിക്കുകയും, ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ രോഗവ്യാപ്തി കുറച്ചുകൊണ്ട് കൊറോണയെ പ്രതിരോധിക്കാൻ തിരക്കിട്ട പഠനം നടക്കുമ്പോൾ ,വേറിട്ട കണ്ടുപിടുത്തതിലൂടെ കൊറോണ വ്യാപനം തടയാനുള്ള മാർഗം ഒരുക്കിയിരിക്കുകയാണ് കള്ളൻതോട്  കെ.എം.സി.ടി. എഞ്ചിനീയറിംഗ് കോളേജിലെ ഒരുപറ്റം വിദ്യാർത്ഥികൾ. കടകളിലും ഷോപ്പിംഗ് മാളുകളിലും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരിൽ നിന്ന് പണം വാങ്ങുമ്പോഴും,തിരികെ നൽകുമ്പോഴും വൈറസ് ബാധയേൽക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള ഉപകരണമാണ് ഈ ഭാവി എൻജിനീയർമാർ വികസിപ്പിച്ചെടുത്തത്. രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ്  വിദ്യാർത്ഥികളായ  ആദർശ്.ടി, ഫിനു മുഹമ്മദ്, രണ്ടാം വർഷ ഇലക്ക്‌ട്രിക്കൽ എഞ്ചിനീയറിംഗ്  വിദ്യാർത്ഥികളായ ആകാശ്, അജയ്, ഒന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുഹമ്മദ് ജാബിർ എന്നിവരാണ് കറൻസി ഡിസിൻഫെക്ടർ എന്ന ഉപകരണം രൂപകൽപ്പന ചെയ്തത്. കറൻസി കൈമാറ്റത്തിലൂടെ കോവിഡ് 19  വൈറസ്  പടരാനുള്ള സാധ്യതയുണ്ടെന്നു ഇതിനോടകം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഇത്തരമൊരു പരീക്ഷണത്തിന് തയ്യാറായത്. ഇവർ രൂപകൽപ്പന ചെയ്ത  കറൻസി ഡിസിൻഫെക്ടർ എന്ന ഉപകരണത്തിലൂടെ കടത്തിവിടുന്ന നോട്ടുകളുടെ ഇരുഭാഗങ്ങളിലേക്കും അൾട്രാ വയ്ലെറ്റ്‌  രശ്മികൾ ഏകീകരിപ്പിച്ചു 5 സെക്കന്റുകൾക്കകം അണുവിമുക്തമാക്കുമെന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത. കെ.എം.സി.ടി.എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ:സി.രഞ്ജിത്ത് ,കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി സ്വരാദ് .പി, ഇലക്ട്രോണിക് ലാബ് അസിസ്റ്റന്റ് അമിത് സത്യൻഎന്നിവരുടെ നേതൃത്വത്തിൽ കെ.എം.സി.ടി.മാനേജ്മെന്റിന്റെയും , കെ.എം.സി.ടി.എഞ്ചിനീയറിംഗ് കോളേജ് ഇ.ഡി.സി.കമ്മ്യൂണിറ്റിയുടെയും സഹകരണത്തോടെയാണ് ഈ പ്രോട്ടോടൈപ്പ് പൂർത്തിയാക്കിയത്. ഈ കൊറോണ കാലത്തു വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലും,കൊറോണ വ്യാപനത്തിന് തടയാനും  ഏറെ ഉപകാര പ്രദമായ ഈ ഉപകരണം വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുവാൻ ഏതെങ്കിലും കമ്പനികൾ മുൻപോട്ടു വരികയാണെങ്കിൽ ,ഇതിന്റെ എല്ലാ വിവരങ്ങളും കൈമാറാൻ തയ്യാറാണെന്നും ഈ വിദ്യാർത്ഥികൾ അറിയിച്ചു.

error: Content is protected !!