
Web Desk
വിമാനത്താവളത്തിലും റെയില്‍വേ ഡിവിഷണല്‍ ഓഫീസിലും ജോലി വാഗ്ദാനംചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേരെ മാന്നാര്‍ പോലീസ് അറസ്റ്റു ചെയ്തു.കോഴിക്കോട് കണ്ണാടിക്കല്‍ വെങ്ങേരി ശ്രീഹരിചേതനയില് കെ.പി. സന്ദീപ്, തിരുവനന്തപുരം തൈക്കാട് ആഞ്ജനേയയില്‍ ഡി. ശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത് .2021 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി മാന്നാര്‍ കുരട്ടിക്കാട് സ്വദേശികളായ യുവാക്കളില്നിന്നാണു പ്രതികളായ സന്ദീപും ശങ്കറും ചേര്‍ന്നു പണം വാങ്ങിയതെന്നാണ് കേസ്. വിമാനത്താവളത്തില്‍ ക്യാബിന് ക്രൂ ആയി ജോലിവാങ്ങി നല്‍കുന്നതിനായി ആറു ലക്ഷവും റെയില്‍വേ ജോലിക്കായി 14 ലക്ഷവുമാണു വാങ്ങിയത്. സെക്രട്ടേറിയറ്റില്‍ ജോലിക്കാരനാണെന്നു പറഞ്ഞു പരിചയപ്പെട്ടാണ് ഒന്നാംപ്രതി സന്ദീപ് പണം തട്ടിയെടുത്തത്. ഇയാള്‍ തിരുവനന്തപുരത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു .ജോലിക്കാര്യം സംബന്ധിച്ച് ഫോണിലും നേരിട്ടും ബന്ധപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. പകരം 20 ലക്ഷം രൂപയുടെ ചെക്ക് പ്രതികള്‍ യുവാക്കള്‍ക്ക് നല്‍കിയിരുന്നു. ചെക്ക് ബാങ്കില്‍ നല്‍കിയപ്പോഴാണ് ഉപയോഗിക്കാത്ത അക്കൗണ്ടിലെ ചെക്കാണു കിട്ടിയതെന്നു മനസ്സിലായത്.
മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു പ്രതികളെ പിടികൂടി. പ്രതികള്‍ അറസ്റ്റിലായ വിവരമറിഞ്ഞു സമാനരീതിയില്‍ തട്ടിപ്പിനിരയായ ഹരിപ്പാട് സ്വദേശികളും പരാതി നല്കി.ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഹരോള്‍ഡ് ജോര്‍ജ്, അഡീഷണല്‍ എസ്.ഐ. ബിന്ദു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിദ്ധിക്ക് ഉല് അക്ബര്‍, സജീവ്, സാജിദ്, ഹോം ഗാര്‍ഡുമാരായ ഷിബു, ജോണ്സണ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ തിരുവനന്തപുരം നന്ദാവനത്ത് നിന്ന് അറസ്റ്റു ചെയ്തത്.