
Web Desk
കൊണ്ടോട്ടി പീഡനശ്രമക്കേസില്‍ അറസ്റ്റിലായ പതിനഞ്ചുകാരന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് ജില്ലാ പൊലീസ് മേധാവി. ജില്ലാ തലത്തില്‍ ജൂഡോ ചാമ്പ്യനായ പതിനഞ്ചുകാരന്‍ ശാരീരികമായി നല്ല കരുത്തുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക നിഗമനത്തില്‍ പീഡനശ്രമം തന്നെയായിരുന്നു ഉദ്ദേശ്യം എന്നാണ് മനസിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഈ പെണ്‍കുട്ടിയ്ക്ക് ഇയാളില്‍ നിന്ന് ആക്രമണമുണ്ടായിട്ടില്ലെന്നും എസ്.പി പറഞ്ഞു. പീഡനശ്രമത്തിനിടെ ആണ്‍കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ദേഹത്ത് ചെളിയും മുറിവുമുണ്ടായിരുന്നു. നായ ഓടിച്ചുവെന്നാണ് വീട്ടില്‍ പറഞ്ഞത്.
ആണ്‍കുട്ടിയുടെ വസ്ത്രം വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പീഡനശ്രമത്തിനിടെ പെണ്‍കുട്ടിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴുത്തില്‍ നന്നായിട്ട് അമര്‍ത്തിയിട്ടുണ്ട്. തലയ്ക്ക് കല്ലുകൊണ്ടടിച്ചിട്ടുണ്ട്. പെണ്‍കുട്ടി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചതിനാലാണ് ജീവന് ഭീഷണിയില്ലാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ വീടും പതിനഞ്ചുകാരന്റെ വീടും തമ്മില്‍ ഒന്നരകിലോ മീറ്ററോളം ദൂരമുണ്ട്. പെണ്‍കുട്ടിയെ പിന്തുടര്‍ന്നാണ് ആക്രമിച്ചതെന്നും എസ്.പി പറഞ്ഞു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൊട്ടൂക്കര അങ്ങാടിക്ക് സമീപമായിരുന്നു സംഭവം.